India

‘ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കാതിരിക്കാം, പക്ഷേ അമിത് ഷാ ഇങ്ങനെയൊക്കെ ചെയ്യണം’; അമിത് ഷായെ വെല്ലുവിളിച്ച് കെജ്‌രിവാള്‍ | kejriwal challenges amit shah

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഡല്‍ഹിയിലെ ചേരികള്‍ പൊളിച്ചുമാറ്റാനാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കെജ്‌രിവാള്‍ ആരോപിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം തിരഞ്ഞെടുപ്പ ചൂടിലേക്ക് കടക്കവെ ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുകയും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്താല്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാതിരിക്കാമെന്ന് കെജ്‌രിവാള്‍ അമിത് ഷയോടായി പറഞ്ഞു.

‘നിങ്ങള്‍ ചേരി നിവാസികള്‍ക്കെതിരെ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കുകയും, അവരെ കുടിയിറക്കിയ അതേ ഭൂമിയില്‍ എല്ലാവര്‍ക്കും നിങ്ങള്‍ വീട് നല്‍കുമെന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്താല്‍ ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. അംഗീകരിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു’ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഡല്‍ഹിയിലെ ചേരികള്‍ പൊളിച്ചുമാറ്റാനാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. കെജ്രിവാളിന്റെ ആരോപണം തള്ളിക്കൊണ്ട് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തി. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ മനഃപൂര്‍വ്വം വൈകിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ‘2006 മുതല്‍, അനധികൃത കോളനികള്‍ നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്, പക്ഷേ എഎപി സര്‍ക്കാര്‍ സഹകരിച്ചില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ നിസ്സഹകരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കുടിയിറക്കപ്പെട്ട ചേരി നിവാസികളുടെ പുനരധിവാസം ഇപ്പോഴത്തെ സ്ഥിതിയിലാണ് പോകുന്നതെങ്കില്‍ ഇനിയും ആയിരം വര്‍ഷം വേണ്ടിവരും. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചേരി നിവാസികള്‍ക്കായി 4,700 ഫ്‌ളാറ്റുകള്‍ മാത്രമാണ് നിര്‍മിച്ചത്. നാലു ലക്ഷത്തോളം ചേരി കുടുംബങ്ങളാണ് പ്രതിസന്ധിയിലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ചേരി പ്രദേശങ്ങളുടെ ഭൂവിനിയോഗത്തില്‍ ഡിസംബര്‍ 27 ന് മാറ്റം വരുത്തിയിട്ടുണ്ട്, തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അവ പൊളിച്ചുമാറ്റലിനുള്ള വഴിയൊരുക്കാനാണ് ഈ നീക്കമെന്നും കെജ്രിവാള്‍ ആരോപിച്ചു.