കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വാർത്തയിൽ ആശയക്കുഴപ്പം. അര്‍ജന്റീന ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് എത്തുന്നത് സംബന്ധിച്ച സംസ്ഥാന കായികമന്ത്രിയുടെ പ്രഖ്യാപനമാണ് ഇന്നലെ ഉണ്ടായത്. മെസി ഒക്ടോബര്‍ 25-ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വ്യക്തത തേടിയപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി.
25-ന് കേരളത്തിലെത്തുന്ന മെസി നവംബര്‍ രണ്ടുവരെ കേരളത്തില്‍ തുടരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുപുറമേ 20 മിനിറ്റുള്ള ഒരു പൊതുപരിപാടിയിലും മെസി പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഫറോക്ക് ചെറുവണ്ണൂരില്‍ സ്വകാര്യചടങ്ങില്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇതിന് പിന്നാലെ മാധ്യമങ്ങള്‍ മന്ത്രിയുടെ പ്രതികരണം തേടി. മാധ്യമങ്ങളുടെ ചോദ്യത്തോട് ‘അതുനമുക്ക് പിന്നെ പറയാം’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. സ്വകാര്യചടങ്ങിലേത് കുട്ടികളോട് പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു.
CONTENT HIGHLIGHT: messi kerala visit minister statement