ധൻബാദ്: സ്കൂളുകളിൽ ആഘോഷങ്ങൾ പതിവാണ്, അതും പല തരത്തിൽ. എന്നാൽ വിദ്യാർത്ഥികളുടെ ആഘോഷം ഇഷ്ടപ്പെടാതിരുന്ന പ്രിൻസിപ്പാൾ പറഞ്ഞതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പെൻ ദിനാചരണത്തിന്റെ ഭാഗമായി സഹപാഠികളുടെ ഷർട്ടിൽ ആശംസകൾ എഴുതിയാണ് വിദ്യാർത്ഥികൾ ആഘോഷിച്ചത്. ഇതോടെ പത്താം ക്ലാസിലെ 100ഓളം വിദ്യാർത്ഥികളോട് ഓവർകോട്ട് മാത്രം ധരിച്ച് വീടുകളിലേക്ക് മടങ്ങാൻ പ്രിൻസിപ്പാൾ നിർദേശിച്ചു.
ജാർഖണ്ഡിലെ ധൻബാദിലുള്ള കാർമൽ സ്കൂളിലാണ് സംഭവം. വ്യാഴാഴ്ചയാണ് സ്കൂളിലെ അവസാന ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥിനികൾ സഹപാഠികളുടെ ഷർട്ടിൽ പേനകൊണ്ട് ആശംസകൾ എഴുതിയത്.
എന്നാൽ മോശമായ അവസ്ഥയിലുള്ള ഷർട്ടുകളുമായി വിദ്യാർത്ഥികൾ ക്യാംപസ് വിട്ടുപോകുന്നത് സ്കൂളിന്റെ അന്തസിനെ ബാധിക്കുമെന്ന് വിശദമാക്കിയ പ്രിൻസിപ്പാൾ എം ദേവശ്രീ യൂണിഫോമിന്റെ ബ്ലേസർ ധരിച്ച് വീട്ടിൽപോകാൻ വിദ്യാർത്ഥിനികളോട് ആവശ്യപ്പെടുകയായിരുന്നു. ഷർട്ട് ഊരി മാറ്റാൻ വിസമ്മതിച്ച വിദ്യാർത്ഥിനികളെ നിർബന്ധിച്ച് നടപടിക്ക് വിധേയമാക്കിയെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് വിശദമാക്കിയത്. ഷർട്ട് ഊരി മാറ്റി ബ്ലേസർ മാത്രം ധരിച്ച് ഭയന്ന നിലയിൽ വീട്ടിലെത്തിയ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ അഞ്ചംഗ സമിതിയുടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഡെപ്യൂട്ടി കമ്മീഷണർ മാധവി മിശ്ര.
20 ഓളം വിദ്യാർത്ഥിനികളുടെ പക്കൽ ഒരു ജോടി യൂണിഫോം ഷർട്ടുണ്ടായിരുന്നതിനാൽ ഇവർക്ക് ഷർട്ട് മാറി പുതിയവ ധരിച്ച് വീട്ടിലേക്ക് മടങ്ങാനായി. എന്നാൽ ശേഷിച്ച വിദ്യാർത്ഥിനികൾക്ക് പുരുഷ അധ്യാപകരുടെ മുന്നിൽ വച്ച് വസ്ത്രം മാറേണ്ടി വന്നതായും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. കുട്ടികൾക്കുണ്ടായ മാനസിക പീഡനത്തിനും നാണക്കേടിനും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച രക്ഷിതാക്കൾ പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തുകയായിരുന്നു. ശനിയാഴ്ചയാണ് രക്ഷിതാക്കൾ വിഷയത്തിൽ പരാതി നൽകിയത്. വെള്ളിയാഴ്ച സ്കൂൾ അടച്ചിരുന്നു.
ഷർട്ട് ഊരി മാറ്റാനുള്ള നിർദ്ദേശം നിർബന്ധിതമായി പാലിക്കുന്നത് ചിത്രീകരിക്കാതിരിക്കാനായി വിദ്യാർത്ഥിനികളുടെ ഫോണുകൾ പിടിച്ച് വച്ചതായും രക്ഷിതാക്കൾ ആരോപിക്കുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, ഡിഇഒ, ജില്ലാ സോഷ്യൽ വെൽഫെയർ ഓഫീസർ, സബ് ഡിവിഷണൽ പൊലീസ് ഓഫീസർ, ഝാരിയ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവരുടെ സംഘമാണ് ആരോപണം അന്വേഷിക്കുന്നത്. പ്രിൻസിപ്പാളിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഝാരിയ എംഎൽഎ രാഗ്നി സിംഗ് നടത്തിയിട്ടുള്ളത്. ദൌർഭാഗ്യകരവും നാണക്കേടും നിറഞ്ഞ നടപടിയെന്നും അപലപിക്കുന്നതായും രാഗ്നി സിംഗ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
CONTENT HIGHLIGHT: principal force students to remove shirt