India

കാട്ടിലെ തെരച്ചിലിൽ നക്സലുകളുടെ ആയുധശേഖരം കണ്ടെത്തി; ബോർ ബാരൽ അടക്കം 15 തോക്കും തിരകളും – secret tip arms and ammunition found from deep forest

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ കാട്ടിലെ തിരച്ചിലിൽ നക്സലുകളുടെ ആയുധശേഖരം കണ്ടെത്തി. കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്നാണ് എ കെ 56 റൈഫിൾ, 303 റൈഫിൾ, ബോർ ബാരൽ തോക്കുകൾ, നാടൻ തോക്കുകൾ, തിരകൾ പോലീസ് കണ്ടെത്തിയത്. ജയപുര പൊലീസ് വെള്ളിയാഴ്ചയാണ് ചിക്കമംഗളൂരുവിലെ കാട്ടിൽ നിന്നും കുഴിച്ചിട്ട ആയുധങ്ങൾ കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കർണാടകയിൽ കീഴടങ്ങിയ നക്സലുകളുടേതാണ് ഈ ആയുധ ശേഖരം.

ആംസ് ആക്ടിലെ വിവിധ വകുപ്പുകൾ അനുസരിച്ച് സംഭവത്തിൽ കേസ് എടുത്തതായാണ് ജയപുര പോലീസ് വിശദമാക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. കീഴടങ്ങിയ നക്സലുകൾ വനമേഖലയിൽ മറ്റ് ഭാഗങ്ങളിൽ ആയുധങ്ങൾ ഇത്തരത്തിൽ സൂക്ഷിച്ചിട്ടുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ്.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുന്നിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആറ് നക്സലുകൾ കീഴടങ്ങിയത്. ഇവരെ ബെംഗളൂരുവിലെ എൻഐഎ പ്രത്യേക കോടതി ജനുവരി 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

STORY HIGHLIGHT: secret tip arms and ammunition found from deep forest