Food

മുട്ട പുഴുങ്ങി കഴിക്കുന്നതാണോ ഓംലറ്റ് ആണോ നല്ലത് ?

ഏറ്റവും മികച്ച പ്രോട്ടീനിന്‍റെ കലവറയാണ് മുട്ട. പേശികളുടെ വളര്‍ച്ചയ്ക്കും രോഗപ്രതിരോധശേഷിക്കുമെല്ലാം വളരെ മികച്ച ഭക്ഷണമാണിത്. ദിവസേന ഓരോ മുട്ട കഴിക്കുന്നത് ആരോഗ്യവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മുട്ടയിലെ കോളിൻ മസ്തിഷ്ക വികസനം പ്രോത്സാഹിപ്പിക്കുകയും മെമ്മറിയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പരമാവധി ഗുണം കിട്ടാന്‍ മുട്ട എങ്ങനെ കഴിക്കണം എന്നുള്ള ചോദ്യം പലപ്പോഴും കേള്‍ക്കാറുണ്ട്. പുഴുങ്ങിയും ബുള്‍സൈ ആക്കിയും ഓംലറ്റ് അടിച്ചുമെല്ലാം മുട്ട നമ്മള്‍ കഴിക്കാറുണ്ട്. രണ്ടും രുചികരമാണെങ്കിലും ഇവയില്‍ ഏതാണ് കൂടുതല്‍ ആരോഗ്യകരം ?

വിറ്റാമിനുകൾ ബി 12, എ, ഡി എന്നിവയും ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കണ്ണുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാല്‍ സമ്പുഷ്ടമാണ് ഇവ.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) അനുസരിച്ച്, പുഴുങ്ങിയ മുട്ടയിൽ ഏകദേശം 78 കലോറിയും 6 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയ മുട്ടകളിൽ കലോറി താരതമ്യേന കുറവാണ്. അതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ മികച്ച ഓപ്ഷനാണ് പുഴുങ്ങിയ മുട്ട.

ഓംലറ്റ് ആകട്ടെ, പച്ചക്കറികള്‍ ചേര്‍ത്താല്‍ കൂടുതല്‍ പോഷകസാന്ദ്രമാകും. എന്നിരുന്നാലും, ചീസ്, വെണ്ണ തുടങ്ങിയ അധിക ചേരുവകൾ ചേര്‍ക്കുന്നത് കലോറിയും കൊഴുപ്പും വർദ്ധിപ്പിക്കും. കൊഴുപ്പ് കുറയ്ക്കാന്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി ഓംലറ്റ് ഉണ്ടാക്കാം. ചീസ്, എണ്ണകള്‍ മുതലായ അധിക കൊഴുപ്പ് ഒഴിവാക്കി, പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്താം. ഇങ്ങനെ ചെയ്യുമ്പോള്‍ നാരുകളും അധിക വിറ്റാമിനുകളും ധാതുക്കളും ലഭിക്കും.