തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അച്ഛനെ മക്കള്‍ ‘സമാധി’ ഇരുത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി കളക്ടറുടെ ഉത്തരവ് തേടുമെന്നും അനുമതി ലഭിച്ചാലുടന്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു. ആറാലുംമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി ആണ് വെള്ളിയാഴ്ച മരിച്ചത്.
അച്ഛന്‍ സമാധിയായി എന്ന് മക്കള്‍ പരിസരപ്രദേശങ്ങളില്‍ പോസ്റ്റര്‍ ഒട്ടിച്ചതോടെയാണ് മരണവിവരം പുറത്തറിയുന്നത്. അച്ഛന്‍ സമാധിയിലേക്ക് തനിയെ നടന്നുവന്ന് ഇരിക്കുകയായിരുന്നു എന്നും അച്ഛന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റുകമാത്രമാണ് ചെയ്തതെന്നും മക്കൾ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി ഗോപന്‍ സ്വാമിയെ വീടിനുപുറത്തേക്ക് കാണാറില്ലായിരുന്നുവെന്നും അദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലായിരുന്നു എന്നാണ് പരിസരവാസികൾ പറയുന്നത്.
അതേസമയം, പ്രായാധിക്യത്താല്‍ മരണപ്പെട്ട വയോധികനെ മക്കള്‍ വീടിന്റെ പരിസരത്ത് സംസ്‌കരിക്കുകയും ബാക്കി പറയുന്ന കാര്യങ്ങളൊക്കെ നുണയുമാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
STORY HIGHLIGHT: gopan swami samadhi case