Kerala

ഡാമിൽ വീണ 3 കുട്ടികളെ ആശുപത്രിയിലെത്തിച്ചത് പൾസ് ഇല്ലാതെ; ആരോഗ്യ നില മെച്ചപ്പെട്ടതായി മന്ത്രി രാജൻ – peechi dam drowning 3 children brought hospital

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഗുരുതരാവസ്ഥയിലുള്ള മൂന്ന് പെണ്‍കുട്ടികളുടെ നില മെച്ചപ്പെട്ടതായി റവന്യൂ മന്ത്രി കെ. രാജന്‍. ഒരു കുട്ടി പൂര്‍ണമായി അപകടനില തരണം ചെയ്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളേയും ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇപ്പോള്‍ കുട്ടികളുടെ പള്‍സ് വീണ്ടെടുക്കാന്‍ കഴിഞ്ഞത് ശുഭപ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു.

‘പള്‍സ് ഇല്ലാത്ത നിലയിലാണ് കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുവന്നത്. മൂന്നുകുട്ടികള്‍ വെന്റിലേറ്ററിലാണ്. എല്ലാ വിഭാഗത്തിലേയും ഡോക്ടര്‍മാര്‍ ഇവരെ നോക്കുന്നുണ്ട്. പുറത്തുനിന്ന് ഡോക്ടര്‍മാരെ കൊണ്ടുവരണോ എന്ന് ആശുപത്രിയില്‍ അന്വേഷിച്ചു. പ്രധാന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഉള്ളതിനാല്‍ അതിന്റെ ആവശ്യം നിലവിലില്ലെന്നാണ് അറിയിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട് ഒരു പ്രതിസന്ധിയുമുണ്ടാകില്ല. മൂന്നുകുട്ടികള്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. എങ്കിലും വന്നപ്പോഴുള്ളതിനേക്കാള്‍ നില മെച്ചപ്പെട്ടിട്ടുണ്ട്. പള്‍സ് കിട്ടിത്തുടങ്ങി. ഒരാള്‍ക്ക് എന്‍.ഐ.വി (നോണ്‍-ഇന്‍വേസീവ് വെന്റിലേഷന്‍) മാത്രമാണ് നല്‍കുന്നത്. മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈകീട്ട് മെഡിക്കല്‍ ബുറ്റിന്‍ പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്.’ -മന്ത്രി രാജന്‍ പറഞ്ഞു.

”കുട്ടികള്‍ വെള്ളത്തില്‍ പോയെന്ന് അറിയിച്ചത് അവരില്‍ ഒരാളുടെ സഹോദരിയാണ്. വിവരം ലഭിച്ച് പത്തോ പതിനഞ്ചോ മിനിറ്റിനുള്ളില്‍ അവരെ പുറത്തെടുക്കാന്‍ കഴിഞ്ഞു. അപകടത്തില്‍ പെടാത്ത ഹിമ എന്ന കുട്ടി പറഞ്ഞ സ്ഥലത്ത് തന്നെ തിരഞ്ഞതിനാലാണ് പെട്ടെന്ന് കുട്ടികളെ രക്ഷപ്പെടുത്താനായത്. അപ്പോഴേക്കും ആംബുലന്‍സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. ചെങ്കുത്തായ സ്ഥലത്താണ് അപകടമുണ്ടായത് സുരക്ഷാ സംവിധാനമൊന്നുമില്ലാത്ത, ആര്‍ക്കും പോകാന്‍ കഴിയുന്ന സ്ഥലമായിരുന്നു അത്.’ -മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളുടേയും ശ്വാസനാളത്തിലൂടെ ട്യൂബിട്ടാണ് വെന്റിലേറ്ററില്‍ ഘടിപ്പിച്ചതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ നേരത്തേ പറഞ്ഞിരുന്നു. രക്തസമ്മര്‍ദം സാധാരണനിലയിലാക്കാനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. അപകടനില തരണം ചെയ്ത കുട്ടിക്ക് എന്‍.ഐ.വി. മാസ്‌ക് വെച്ച് വെന്റിലേറ്ററില്‍ ഘടിപ്പിച്ച് ശ്വസനത്തിന് സഹായിക്കുകയാണ് ചെയ്യുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

STORY HIGHLIGHT: peechi dam drowning 3 children brought hospital