അവധി ദിനത്തിന്റെ ആലസ്യത്തില്‍ മയങ്ങാതെ നിയമസഭയില്‍ നടക്കുന്ന പുസ്തകമേള കാണാന്‍ എത്തിയവര്‍ക്ക് പാട്ടുകളുടെ കഥയുമായി സംസ്ഥാന അവാര്‍ഡ് ജേതാവ്. മൂന്നുമണിക്ക് നടന്ന കഥപറയും പാട്ടുകള്‍ എന്ന സെഷനില്‍ അതിഥിയായി എത്തിയത് ഈ വര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഏറ്റവും മികച്ച ഗായകനുള്ള അവാര്‍ഡ് നേടിയ സംഗീത സംവിധായകനാണ്. വേറെ ആരുമല്ല നമ്മുടെ സ്വന്തം വിദ്യാധരന്‍ മാസ്റ്റര്‍ ആയിരുന്നു തന്റെ സംഗീത വഴികള്‍ സദസ്സിനു മുന്നില്‍ അവതരിപ്പിച്ചത്.
വിദ്യാധരന്‍ മാസ്റ്ററിന്റെ രണ്ടു മൂന്നു ഗാനങ്ങള്‍ മതി ആ സംഗീത പ്രതിഭയുടെ മഹത്വം മനസ്സിലാക്കാന്‍. ‘സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, കല്‍പ്പാന്തകാലത്തോളം, അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും, ചന്ദനം മണക്കുന്ന പൂന്തോട്ടം’ എന്നീ ഗാനങ്ങള്‍ മാത്രം മതി വിദ്യാധരന്‍ മാസ്റ്റര്‍ എന്ന ജീനിയസിനെ അറിയാന്‍. 1965 ല്‍ സംഗീത രംഗത്ത് എത്തിയ വിദ്യാധരന്‍ മാസ്റ്റര്‍ തന്റെ സംഗീത ജീവിതത്തിലെ ചില സംഭവ കഥകള്‍ സദസ്സുമായി പങ്കുവെച്ചു. ഗായിക രാജലക്ഷ്മി അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുകയും, ഗാനനിരൂപകന്‍ രവി മേനോന്‍ ചോദ്യങ്ങളുമായി സംഗീത ഓര്‍മ്മകള്‍ നില നിന്ന മികച്ച സെഷനാക്കി മാറ്റി.
ഏറെ കൊതിച്ചു ചെയ്ത ‘സപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം’ എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. എന്നാല്‍ ആ ഗാനം ഉള്‍പ്പെട്ട സിനിമ ഇതുവരെ ഷൂട്ട് ചെയ്തില്ലെന്ന് വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു. ചിത്രത്തിന്റെ പേരും വ്യത്യസ്തമായിരുന്നു ‘കാണാന്‍ കൊതിച്ചത്’. ഭാസ്‌കരന്‍ മാഷ് എഴുതിയ വരികള്‍ക്ക് യേശുദാസിന്റെ മനോഹര ശബ്ദം കൂടിയായപ്പോള്‍ ഗാനം സൂപ്പര്‍ ഹിറ്റ്.
ദാസേട്ടനെ കൊണ്ട് ഒരു സിനിമയ്ക്കായി പുള്ളുവന്‍ പാട്ട് മറ്റൊരു ശബ്ദത്തില്‍ പഠിച്ച അനുഭവം വിദ്യാധരമാസ്റ്റര്‍ വിവരിച്ചു. മുല്ലനേഴി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കുകയും യേശുദാസിനെ കൊണ്ട് പഠിക്കാന്‍ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു. ശബ്ദം മാറ്റി പാടാന്‍ പറഞ്ഞപ്പോള്‍ എന്റെ ശബ്ദം തരക്കേടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നതെന്ന് ദാസേട്ടന്‍ പറഞ്ഞ കാര്യം അദ്ദേഹം ഓര്‍ത്തെടുത്തു. തനിക്ക് അതു വേണ്ടെയെന്ന് ചോദിച്ച ദാസേട്ടനോട് പുള്ളുവന്‍ പാട്ട് ഇങ്ങനെയാണ് പാടേണ്ടതെന്ന് പറയുകയായിരുന്നു. ഒടുവില്‍ ‘കന്നി മാസത്തിലെ ആയില്യം നാളില്‍’ എന്നു തുടങ്ങിയ ആ പുള്ളുവന്‍ പാട്ട് ദാസേട്ടന്‍ മനോഹരമായി പാടി. ഈ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ അമ്മയും കൂടെയുണ്ടായിരുന്നു. അവരുള്‍പ്പെടെ എല്ലാവരും മികച്ച അഭിപ്രായമാണ് ഗാനത്തെകുറിച്ച് രേഖപ്പെടുത്തിയത്.
‘കല്‍പ്പാന്തകാലത്തോളം’ എന്ന ഗാനം 1976 ല്‍ റെക്കോര്‍ഡ് ചെയ്തതാണ്. എന്നാല്‍ ഗാനം ഉള്‍പ്പെട്ട ചിത്രമായ ‘എന്റെ ഗ്രാമം’ റിലീസ് ആയത് 1984 ലും. ഇതായിരുന്നു എന്റെ ആദ്യ മലയാള ചലച്ചിത്രം. ശ്രീമൂലനഗരം വിജയന്‍ കൂടുതല്‍ ‘ക’ എന്ന അക്ഷരം ഉള്‍പ്പെടുത്തി എഴുതി കൊണ്ടുവന്ന ഗാനമായിരുന്നു ഇത്. ഇത് ശ്രദ്ധ നേടിയതോടെ നിരവധി ചിത്രങ്ങള്‍ തന്നെ തേടി എത്തി എന്നും അദ്ദേഹം പറഞ്ഞു. കഥാവശേഷന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘കണ്ണുനട്ട് കാത്തിരുന്നിട്ടും’ എന്ന ഗാനവും സൂപ്പര്‍ ഹിറ്റ് ആയിരുന്നു. അതിനെ തുടര്‍ന്നാണ് നിരവധി ചിത്രങ്ങളില്‍ പാടാന്‍ അവസരം ലഭിച്ചത്. ഈ ഗാനത്തില്‍ എന്നോടൊപ്പം ഭാവഗായകന്‍ ജയചന്ദ്രനും പാടിയിട്ടുണ്ട്.
സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. തൃശ്ശൂര്‍ ഒരു സ്ഥലത്തിരിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും കൂടി ഇക്കാര്യം പറയുന്നത്. സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1987ലെ പാദമുദ്ര എന്ന ചിത്രത്തില്‍ യേശുദാസ് ആലപിച്ച ‘അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി’ എന്ന ഗാനം ദേശീയ അവാര്‍ഡിന് പരിഗണിച്ചെങ്കിലും ചില നിക്ഷിപ്ത താല്പര്യക്കാരുടെ പ്രവര്‍ത്തനം മൂലം അത് നഷ്ടമായി. പാട്ടിന്റെ അവസാന വരികളിലുള്ള ‘ഒളിസേവ ചെയ്യുന്നു മുക്കണ്ണന്‍’എന്ന മനോഹരമായ എഴുത്തിനെ അതിന്റെ അന്തസത്ത മനസ്സിലാക്കാതെ മറ്റൊരു രീതിയില്‍ ജൂറി ചിന്തിച്ചതാണ് അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം.
അവാര്‍ഡുകള്‍ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം ഞാന്‍ അതിന്റെ പുറകെ പോയിട്ടില്ല എന്ന് വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാസാഗറുമായി തന്റെ പേര് തെറ്റായി പലയിടത്തും എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്റെ പാട്ടുകള്‍ വിദ്യാസാഗറിന്റെ ക്രെഡിറ്റില്‍ പോയിട്ടുണ്ട് എന്നാല്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ ഒന്നും വിദ്യാധരന്‍ എന്ന എന്റെ പേരില്‍ വന്നിട്ടില്ലെന്നും തമാശരൂപേണ അദ്ദേഹം പറഞ്ഞു. അന്തരിച്ച പ്രശസ്ത ഗായകന്‍ പി. ജയചന്ദ്രന് പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് സെഷന്‍ ആരംഭിച്ചത്. വിദ്യാധരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ഗായികയായ രാജലക്ഷമി വേദിയില്‍ ആലപിച്ചു.