യൂറോപ്പിലും ഏഷ്യയിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു കുമിളാണു ഫോമെസ് ഫോമെന്റേറിയസ്. ടിൻഡർ ഫംഗസ് എന്നും കുതിരക്കുളമ്പിന്റെ ആകൃതിയുള്ളതിനാൽ ഹൂഫ് ഫംഗസ് എന്നുമൊക്കെ അറിയപ്പെടുന്ന ഈ കുമിൾ ആദിമ മനുഷ്യർക്കിടയിൽ വളരെ പ്രശസ്തമായിരുന്നു. അവർക്കേറ്റവും ഉപയോഗമുള്ള തീ സൃഷ്ടിക്കാൻ ഇത് ഉപകരിച്ചിരുന്നു.വൈക്കിങ്ങുകൾ ഈ കുമിളിനെ കൂടുതൽ ജ്വലനയോഗ്യമാക്കാൻ പുതിയ വിദ്യ കണ്ടെത്തി.
ഈ കുമിൾ എടുത്ത് പുറന്തോട് ചീന്തിക്കളഞ്ഞ ശേഷം അകത്തുള്ള ഭാഗം ചെറിയ കഷണങ്ങളാക്കിയായിരുന്നു അവരുടെ രീതി. തുടർന്ന് ഇവയെ കല്ലുപയോഗിച്ച് ഇടിച്ചു മൃദുവാക്കും. തുടർന്ന് താപോർജം നൽകി ഇവയ്ക്ക് രാസപരിണാമം വരുത്തും. അതിനു ശേഷം മൂത്രത്തിലിട്ട് തിളപ്പിക്കും. ഇങ്ങനെയുണ്ടാക്കിയെടുക്കുന്ന വസ്തു കത്താതെ പുകഞ്ഞുകൊണ്ടിരിക്കാൻ യോഗ്യമാണ്. എവിടെയും ഇതു കൊണ്ടുപോകാം. പെട്ടെന്ന് തീ കത്തിക്കാൻ ഈ വിദ്യ വളരെ ഉപകാരപ്രദമായിരുന്നു.
ഈ വിദ്യ ഉപയോഗിച്ചവർ വൈക്കിങ് വംശജരായിരുന്നെങ്കിലും അല്ലാത്തവരും മേൽപ്പറഞ്ഞ കുമിൾ ഉപയോഗിച്ചിരുന്നു. യൂറോപ്പിൽ നിന്നു കണ്ടെത്തിയ ഓറ്റ്സി എന്ന പ്രാചീന മനുഷ്യന്റെ സാധനസാമഗ്രികളിലും ഈ കുമിളിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. അയ്യായിരം വർഷത്തിലധികം പഴക്കമുള്ള മൃതശരീരമായിരുന്നു ഓറ്റ്സിയുടേത്. കല്ലിലുരച്ചുണ്ടാകുന്ന തീപ്പൊരികളിൽ പെട്ടെന്നു കത്തുമെന്നതായിരുന്നു ഈ കുമിളിന്റെ ഗുണം. പ്രാചീന മനുഷ്യർക്കിടയിൽ ഈ കുമിൾ വ്യാപകമാകാൻ കാരണമായതും ഇതുതന്നെ.
STORY HIGHLIGHTS: tinder-fungus-vikings-otzi