കല്‍ക്കട്ടയില്‍ പോകുന്ന കൊച്ചുമകള്‍ അമ്മുവിന് അമ്മ മലയാളവും നാടിന്റെ ചൂരും സമ്മാനിക്കാന്‍ വെമ്പുന്ന ഏകപാത്രനാടകം ഒറ്റ ഞാവല്‍മരം നിയമസഭാ പുസ്തകോത്സവത്തിന് മിഴിവേകി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബീന ആര്‍ ചന്ദ്രനായിരുന്നു മാധവിക്കുട്ടിയുടെ കഥ ഒഴിവിനെ ഏകപാത്രനാടകമായി അരങ്ങിലെത്തിച്ച് ആസ്വാദക പ്രശംസ നേടിയത്. പരിസ്ഥിതിയും മനുഷ്യനുമായുള്ള പാരസ്പര്യത്തിന്റെ അനിവാര്യതയും ഒറ്റപ്പെടലിലുള്ളവര്‍ക്ക് നല്ല ഒര്‍മകള്‍ സന്തോഷത്തിന്റെ കലവറയാണെന്നുമാണ് നാടകം പങ്കുവച്ചത്.
കൊച്ചുമകള്‍ അമ്മുവിനെ റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കി പിന്നീട് ഏകാകിയായി ഓര്‍മകളില്‍ ജീവിക്കുന്ന അരങ്ങിലെ മുത്തശ്ശി തന്നെ വിട്ടുപോയ മകള്‍ കമലയെ, കൃഷി ഭൂമി കര്‍ഷകര്‍ക്കെന്നു വിളിച്ചു പറഞ്ഞ ഏട്ടനെ, ഏട്ടനെ പൊലീസുകാര്‍ പിടിച്ചു കൊണ്ടുപോയി തിരികെ മൃതശരീരമായി വീട്ടിയെത്തിയപ്പോള്‍ മകന്‍ സത്യത്തിനായി പോരാടിയതിനാല്‍ കരയാത്ത ധീരയായ അമ്മയെ, കഷ്ടപ്പെട്ടു പണിയെടുത്തു പോറ്റിയ അച്ഛനെയൊക്കെ കാലത്തിനതീതമായ ഓര്‍മകളിലൂടെ അനശ്വരമാക്കുന്നുണ്ട്. ഉറ്റവര്‍ കാലയവനികയില്‍ മറഞ്ഞിട്ട് വേദനയോടെ ജീവിക്കേണ്ടിവന്നാലും ജീവിതം ഒടുക്കാതെ ഓര്‍മകളില്‍ സന്തോഷിക്കുകയാണവര്‍. ഭൗതിക ശരീരം വിട്ടുപോയതിനുശേഷം പ്രകൃതിയില്‍ അവശേഷിപ്പുകളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
വെയിലില്‍ അല്‍പം തണല്‍ കിട്ടിയപ്പോഴും ഞാവല്‍പ്പഴം തലയില്‍ വീണപ്പോഴും കമ്പുകൊണ്ട് പഴങ്ങള്‍ അടിച്ചു വീഴ്ത്തുമ്പോഴും കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി സന്തോഷിക്കുന്ന മുത്തശ്ശി ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തണമെന്ന പാഠം പകരുന്നു. ഗന്ധവെളിച്ചെണ്ണക്കായി പൊട്ടിച്ച തേങ്ങവെള്ളം ആവേശത്തില്‍ കുടിക്കാനെടുക്കുമ്പോള്‍ കൊടുംവേനലിന്റെ കാഠിന്യമനുഭവിക്കുന്ന വൃക്ഷങ്ങളെ ഓര്‍ത്ത് അവയ്ക്ക് വെള്ളമൊഴിക്കാന്‍ ഓടുന്നത് മനുഷ്യന്‍ പ്രകൃതിയുടെ ദാഹം മനസ്സിലാക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു.
ആറങ്ങോട്ടുകര ശ്രീജയുടേയാണ് രചന. നാരായണനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 30 വര്‍ഷമായി നാടക രംഗത്തുള്ള തനിക്ക് നാടകമാണ് വഴങ്ങുന്നതെന്നും അതിനാലാണ് പുസ്തകോത്സവത്തില്‍ സെഷനില്‍ പങ്കെടുക്കാന്‍ വിളിച്ചപ്പോള്‍ നാടകവുമായി അരങ്ങിലെത്താമെന്നേറ്റതെന്നും ബീന ആര്‍. ചന്ദ്രന്‍ പറഞ്ഞു. ഈ വേദി ലഭിച്ചത് അംഗീകാരമായി കാണുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.