കണ്ണൂര്‍ കണ്ണവം ഉന്നതിയില്‍നിന്ന് കാണാതായ യുവതിയെ കാണാതായിട്ട് ഇന്നേക്ക് 13 ദിവസമായി. ഡിസംബർ 31ന് ആണ് കണ്ണവം കോളനിയിലെ പൊരുന്നൻ വീട്ടിൽ എൻ.സിന്ധുവിനെ കാണാതായത്. കണ്ണവം പോലീസ്, ഡോഗ് സ്‌ക്വാഡ്, വനംവകുപ്പ്, ഡ്രോണ്‍ ക്യാമറ, തണ്ടര്‍ബോള്‍ട്ട് സേന, നാട്ടുകാര്‍ തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയിട്ടും യാതൊരു തുമ്പും ലഭിക്കാത്തതിന്റെ ആശങ്കയിലാണ് നാട്ടുകാരും പോലീസും.
സിന്ധു കണ്ണവം വനത്തിനുള്ളിലേക്ക് പോയതാവാം എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ തുടരുന്നത്. കണ്ണവം കോളനിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ക്വാറിയിലും മുങ്ങല്‍വിദഗ്ധര്‍ പരിശോധന നടത്തും. ആഴവും പായലുമുള്ള വെള്ളക്കെട്ടായതുകൊണ്ടുതന്നെ റഡാറും, ക്യാമറയുള്ള ഡ്രോണ്‍ സംവിധാനവും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം.
സിന്ധു മാനസിക പ്രശ്‌നങ്ങളുള്ള സ്ത്രീയാണെന്നും ശബ്ദം കേള്‍ക്കുകയും മറ്റും ചെയ്താല്‍ ഉള്‍വലിഞ്ഞു പോകുന്ന പ്രകൃതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. അതുകൊണ്ടുതന്നെ സിന്ധു ഉള്‍വനത്തിലേക്ക് തന്നെയാണ് പോയിട്ടുള്ളതെങ്കില്‍ കണ്ടെത്തല്‍ വലിയ വെല്ലുവിളിയാവുമെന്നും പറഞ്ഞു. കണ്ണവം വനത്തോടു ചേര്‍ന്നുള്ള പന്ന്യോട്, നരിക്കോട്ടുമല, കോളയാട് ചങ്ങല ഗേറ്റ് ഭാഗം, എടയാര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. പന്ന്യോട് ഭാഗത്ത് ഒരു സ്ത്രീ നടന്നുപോകുന്നത് കണ്ടതായി നാട്ടുകാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പന്ന്യോട് ഭാഗത്ത് തിരച്ചില്‍ നടത്തിയത്.
STORY HIGHLIGHT: sindhu missing case