ഓരോ വര്‍ഷവും എണ്ണമറ്റ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നതിലും അവയുടെ വില്‍പനച്ചുമതല എഴുത്തുകാരില്‍ നിക്ഷിപ്തമാകുന്നതിലും ആശങ്ക പങ്കുവെച്ച് അഷ്ടമൂര്‍ത്തിയും അശോകന്‍ ചരുവിലും. പുസ്തകമണത്തിന്റെ നൊസ്റ്റാള്‍ജിയക്കാലം കഴിഞ്ഞെന്നും ഓഡിയോ ബുക്കുകള്‍ പല കാരണങ്ങളാലും സൗകര്യപ്രദമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. പെരുകുന്ന പുസ്തകങ്ങള്‍, മാറുന്ന വായന എന്ന വിഷയത്തില്‍ ഡയലോഗ് സെഷനില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പണം പുസ്തകപ്രസിദ്ധീകരണത്തിനുള്ള യോഗ്യതയായി മാറുന്നത് സങ്കടകരമാണെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു. ഓരോ വര്‍ഷവും 3500ല്‍പരം പുസ്തകങ്ങളാണ് കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കേണ്ടതില്ലാത്ത പുസ്തകങ്ങള്‍ വരെ ഇറങ്ങുന്നുണ്ട്. സാഹിത്യവിമര്‍ശനം ഇല്ലാതായതിന്റെ കുറവ് എഴുത്തിന്റെ നിലവാരത്തിലുണ്ട്. പുസ്തകവില്പനയുടെ ചുമതലകൂടി എഴുത്തുകാരന്റെ ചുമലിലാണിപ്പോള്‍. എഴുത്തുകാര്‍ സ്വന്തം പ്രമോട്ടര്‍മാരായി തെരുവില്‍ നില്‍ക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും തന്റെ പുസ്തകം വാങ്ങാന്‍ യാചിക്കുന്ന എഴുത്ത് സമൂഹം ആശാവഹമല്ല. സമൂഹത്തെകുറിച്ചുള്ള ആവലാതി ചുമക്കേണ്ട എഴുത്തുകാര്‍ പുസ്തകവില്പനയുടെ ആധിയിലേക്ക് ചുവടുമാറുന്നത് ഗുണപരമല്ല. സമയവും ചിന്തയും വിപണിയെ പറ്റിയാകുന്നത് എഴുത്തിനെ ബാധിക്കും. സമൂഹം എന്ന നിലയില്‍ ഇതിനെതിരെ പ്രതിഷേധമുയരുകയും എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകുകയും വേണം.
അതേസമയം പ്രസാധകരുടെ കുത്തക അവസാനിക്കുന്നു എന്ന ഗുണവും ഉണ്ട്. ഓഡിയോ ബുക്കുകളും ഇ-ബുക്കുകളും ഓണ്‍ലൈന്‍ വായനയും പ്രചാരത്തിലായി. വായന കണ്ണുകള്‍കൊണ്ട് നടത്തേണ്ട പ്രക്രിയ എന്ന ചിന്ത മാറി. പ്രായമായവര്‍ക്കും കാഴ്ചപരിമിതിയുള്ളവര്‍ക്കും വായന എന്ന അനുഭവം സാധ്യമായതില്‍ സന്തോഷമുണ്ടെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.
ഇത്രയും പുസ്തകങ്ങള്‍ ആവശ്യമുണ്ടോ എന്ന് സമൂഹം ചിന്തിക്കണമെന്നും പണമുള്ളതുകൊണ്ടുമാത്രം പുസ്തകങ്ങള്‍ ഇറങ്ങുന്നത് നല്ല പ്രവണതയല്ലെന്നും അഷ്ടമൂര്‍ത്തിയും അഭിപ്രായപ്പെട്ടു. ചില പുസ്തകങ്ങള്‍ ഒരാഴ്ചകൊണ്ടൊക്കെ രണ്ടാം പതിപ്പിറങ്ങുന്നുണ്ട്. ഇത് നല്ല വായനയുടെ ലക്ഷണമാണെന്ന് തോന്നുന്നില്ല. ആനന്ദിന്റെ ആള്‍ക്കൂട്ടം എട്ടുവര്‍ഷത്തിനും ഖസാക്കിന്റെ ഇതിഹാസം മൂന്നുവര്‍ഷത്തിനും ശേഷമാണ് രണ്ടാം പതിപ്പിറങ്ങിയതെന്ന് ഓര്‍ക്കണം. 1500 എപ്പിസോഡുകളുള്ള ഇതരഭാഷാ ഓഡിയോ നോവലുകളുടെ വിവര്‍ത്തനം വരാനിരിക്കുന്നു. അതോടെ ഓഡിയോ ബുക്കുകളുടെ നിലവാരത്തിലും കാര്യമായ കുറവുവരാനിടയുണ്ട്. പുസ്തകങ്ങളുടെ മാത്രമല്ല വായനയുടെയും നിലവാരം താഴോട്ടുപോകുന്നുവെന്ന് അഷ്ടമൂര്‍ത്തി പറഞ്ഞു.