ദേശീയ വിമൻസ് അണ്ടർ 23 ടി 20യിൽ തോൽവിയറിയാതെ നോക്കൌട്ടിലേക്ക് മുന്നേറി കേരളം. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള വനിതകൾ നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗുജറാത്തിനെ 32 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് മാത്രമാണ് നേടാനായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ മാളവിക സാബുവും വൈഷ്ണ എംപിയും മികച്ച തുടക്കം നല്കി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 44 റൺസെടുത്തു. മാളവിക 27ഉം വൈഷ്ണ 31ഉം റൺസെടുത്തു. അവസാന ഓവറുകളിൽ, വേഗത്തിൽ റൺസുയർത്തിയ ക്യാപ്റ്റൻ നജ്ല സിഎംസിയുടെയും അജന്യ ടി പിയുടെയും പ്രകടനം കൂടിച്ചേർന്നതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 124ൽ അവസാനിച്ചു. നജ്ല 23ഉം അജന്യ പുറത്താകാതെ 16ഉം റൺസ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ മികച്ച ബൌളിങ്ങിലൂടെയും ഫീൽഡിങ്ങിലൂടെയും കേരള താരങ്ങൾ സമ്മർദ്ദത്തിലാക്കി. വിക്കറ്റുകൾ മുറയ്ക്ക് വീണതോടെ ഗുജറാത്തിൻ്റെ മറുപടി 92ൽ അവസാനിച്ചു. 21 റൺസെടുത്ത ചക്സു പട്ടേലാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി അജന്യ ടി പി രണ്ടും സ്റ്റെഫ് സ്റ്റാൻലി, അലീന എം പി, ഭദ്ര പരമേശ്വരൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്ന് ഗുജറാത്ത് താരങ്ങൾ റണ്ണൌട്ടാവുകയായിരുന്നു. ജനുവരി 16 മുതൽ തിരുവനന്തപുരത്താണ് നോക്കൌട്ട് മത്സരങ്ങൾ നടക്കുക. കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം 18 ന് തിരുവനന്തപുരം – മംഗലാപുരത്തുള്ള കെ.സിഎ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.
STORY HIGHLIGHT: womens u23 kerala winning streak