വടക്കന്‍ കര്‍ണാടകത്തിലെ ബംഗല്‍ക്കോട്ട് ജില്ലയില്‍ ചരിത്രമുറങ്ങിക്കിടക്കുന്ന നഗരങ്ങളില്‍ ഒന്നാണ് മുമ്പ് വാതാപിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബദാമി. 6, 8 നൂറ്റാണ്ടുകളില്‍ ചാലൂക്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ബദാമി. ചാലൂക്യന്മാരുടെ കാലത്ത് പണിത ക്ഷേത്രങ്ങള്‍, പ്രത്യേകിച്ച് ഗുഹാക്ഷേത്രങ്ങളാണ് ബദാമിയിലെ ഏറ്റവും വലിയ ആകര്‍ഷണം. രണ്ട് നൂറ്റാണ്ടിലേറെക്കാലം ചാലൂക്യരുടെ തലസ്ഥാന നഗരം ബദാമിയായിരുന്നു. ആന്ധ്രപ്രദേശിലെയും കര്‍ണാടകത്തിലെയും സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ചാലൂക്യ സാമ്രാജ്യം. പുലികേശി രണ്ടാമന്റെ കാലത്തായിരുന്നു ചാലൂക്യസാമ്രാജ്യത്തിന്റെ സുവര്‍ണകാലം. ചാലൂക്യരുടെ പ്രതാപകാലം കഴിഞ്ഞതോടെ ബദാമിയുടെ പ്രതാപവും അസ്തമിച്ചുവെന്നുപറയാം. എങ്കിലും പ്രതാപകാലത്തെ ചില ശേഷിപ്പുകള്‍ ഇന്നും ബദാമിയില്‍ കാണാം. ബദാമി കാണാനായി ഏറെ സഞ്ചാരികളെത്താറുണ്ട്. ചരിത്രാന്വേഷികള്‍ക്കും വാസ്തുവിദ്യാകമ്പക്കാര്‍ക്കും പറ്റിയ സ്ഥലങ്ങളിലൊന്നാണ് ബദാമി.
സ്വര്‍ണനിറത്തിലുള്ള മണല്‍ക്കല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ക്കിടയിലാണ് ബദാമി കിടക്കുന്നത്. ഇന്ത്യയിലെ പുരാനത ക്ഷേത്രനഗരങ്ങളില്‍ പ്രമുഖമാണ് ബദാമി. മനോഹരമായ ഗുഹാക്ഷേത്രങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. അഗസ്ത്യ തടാകത്തിന്റെ കരയിലായിട്ടാണ് ഇവിടുത്തെ ഗുഹാക്ഷേത്രങ്ങളെല്ലാമുള്ളത്.
പ്രധാനമായും നാല് ഗുഹാക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നെണ്ണം ഹൈന്ദവക്ഷേത്രവും ഒന്ന് ജൈനക്ഷേത്രവുമാണ്.
ആദ്യത്തെ ഗുഹാക്ഷേത്രം
ശിവനാണ് ഇവിടുത്തെ ദേവന്‍. അഞ്ചടി ഉയരവും പതിനെട്ട് കൈകളുമുള്ള നടരാജവിഗ്രഹം മനോഹരമാണ്. ഓരോ കൈകളിലും ഓരോ മുദ്രയുമായിട്ടാണ് വിഗ്രഹം കൊത്തിയിരിക്കുന്നത്. മഹിഷാസുരമര്‍ദ്ദിനിയുടെ രൂപവും ഇവിടെ കൊത്തിവച്ചിട്ടുണ്ട്.
രണ്ടാമത്തെ ഗുഹാക്ഷേത്രം
വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഗുഹയുടെ കിഴക്കും പടിഞ്ഞാറുമുള്ള ചുവരുകളില്‍ ഭൂവരാഹത്തിന്റെയും ത്രിവിക്രമന്റെയും രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. മച്ചില്‍ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, അനന്തശയനം, അഷ്ടദിക്പാലകര്‍ തുടങ്ങിയ രൂപങ്ങളും കൊത്തിയിട്ടുണ്ട്.
മൂന്നാം ഗുഹാക്ഷേത്രം
ഈ ക്ഷേത്രമാണ് ഗുഹാക്ഷേത്രങ്ങളില്‍ ഏറ്റവും മനോഹരം. ഗുഹാക്ഷേത്രത്തിന്റെ എല്ലാ പ്രത്യേകതകളും ഒത്തിണങ്ങിയതാണിത്. ഒട്ടേറെ ഹൈന്ദവദൈവങ്ങളുടെ രൂപങ്ങള്‍ അതിമനോഹരമായിട്ടാണ് ഇവിടെ കൊത്തിവച്ചിട്ടുള്ളത്. എഡി 578ലുള്ളതെന്ന് കരുതപ്പെടുന്ന ഒരു ലിഖിതവും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്.
നാലാം ഗുഹാക്ഷേത്രം
ഇതാണ് ജൈനക്ഷേത്രം. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്മാരായ മഹാവീരന്റെയും പാര്‍ശ്വനാഥന്റെയും രൂപങ്ങളാണ് ഇവിടെയുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇത് പണിതതെന്നാണ് ഇവിടെ നിന്നും കണ്ടെടുത്ത കന്നഡയിലുള്ള ലിഖിതങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഗുഹാക്ഷേത്രങ്ങള്‍ കൂടാതെ വടക്കുഭാഗത്തുള്ള കുന്നില്‍ മൂന്ന് ശിവക്ഷേത്രങ്ങളുമുണ്ട്. ഇതില്‍ മലേഗട്ടി ശിവാലയമാണ് ഏറ്റവും പ്രശസ്തമായത്. ഭൂതനാഥ ക്ഷേത്രം, മല്ലികാര്‍ജ്ജുന ക്ഷേത്രം, ദത്താത്രേയ ക്ഷേത്രം എന്നിവയാണ് മറ്റുക്ഷേത്രങ്ങള്‍. ഒട്ടേറെ ക്ഷേത്രങ്ങളുള്ള ഒരു കോട്ടയുമുണ്ട് ബദാമിയില്‍. ക്ഷേത്രങ്ങളെല്ലാം കണ്ടുകഴിഞ്ഞ് പാറകയറ്റത്തിനുകൂടി ആഗ്രഹമുണ്ടെങ്കില്‍ അതിനും ബദാമിയില്‍ സൗകര്യമുണ്ട്.
ഭൂപ്രകൃതിയാല്‍ത്തന്നെ അനുഗ്രഹീതമാണ് ബദാമി, എങ്ങോട്ടുനോക്കിയാലും മനോഹമായ ദൃശ്യങ്ങളാണ്. ഒപ്പം പുരാതനമായ ഗുഹാക്ഷേത്രങ്ങളും മറ്റുക്ഷേത്രങ്ങളും തടാകവുമെല്ലാം കൂടി ചേരുമ്പോള്‍ ബദാമി തീര്‍ത്തും പരിപൂര്‍ണമായ ഒരു വിനോദസഞ്ചാരകേന്ദ്രമാവുകയാണ്. സാങ്കേതികവിദ്യയും കെട്ടിടനിര്‍മ്മാണശൈലികളും ഇത്രയും വളര്‍ന്നു വികസിച്ച ഇക്കാലത്ത് ജീവിക്കുന്ന നമ്മള്‍ ചാലൂക്യന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രങ്ങളും വിഗ്രഹങ്ങളുമെല്ലാം കാണുമ്പോള്‍ അതിശയപ്പെട്ടുപോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
STORY HIGHLIGHTS: Cave temples of Badami tell the story of times