രാജ്യത്ത് പുതിയ സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന് ചൈനീസ് ദേശീയ ഹെൽത്ത് കമ്മീഷൻ. ഉത്തര ചൈനയിൽ എച്ച്എംപിവി രോഗബാധയുടെ നിരക്ക് കുറയുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയിലെ എച്ച്എംപിവി ആഗോള ആശങ്കയായ സാഹചര്യത്തിലാണ് ചൈന ഇക്കാര്യത്തിൽ വാർത്താ സമ്മേളനം നടത്തി വിശദീകരണം നൽകുന്നത്.
‘എച്ച്എംപിവി പുതിയ വൈറസ് അല്ല. ദശാബ്ദങ്ങളായി മനുഷ്യരിലുണ്ട്. 2001ൽ നെതർലൻഡ്സിൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസിന്റെ കേസുകളുടെ എണ്ണം ഇപ്പോൾ കൂടിയതു മികച്ച പരിശോധനാരീതികൾ കാരണമാണ്. ചൈനയിലെ ഉത്തര പ്രവിശ്യകളിലെ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറയുകയാണ്. 14 വയസ്സിനു താഴെയുള്ളവരിലെ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറഞ്ഞു തുടങ്ങി’’– ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഗവേഷക വാങ് ലിപ്പിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉത്തര ചൈനയിൽ രോഗം കൂടിയതിനെ തുടർന്ന്, മാസ്ക് ധരിച്ച രോഗികളാൽ ആശുപത്രികൾ നിറഞ്ഞ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ചൈനയിലോ മറ്റെവിടെയുമോ അസാധാരണമായി രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടില്ല എന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്. രാജ്യത്തു പനി ക്ലിനിക്കുകളിലും അടിയന്തര വിഭാഗങ്ങളിലും രോഗികൾ കൂടിയെന്നും കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്നും ആരോഗ്യ കമ്മിഷന്റെ മെഡിക്കൽ അടിയന്തര പ്രതികരണ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഗാവോ സിൻക്വിയാങ് പറഞ്ഞു.
STORY HIGHLIGHT: china explains human metapneumovirus