Kerala

ഗോപൻ സ്വാമി മരണം: പിതാവിനെ സമാധിയിരുത്തിയ സംഭവം; ശവകുടീരം തുറന്ന് പരിശോധന ഇന്ന്

നെയ്യാറ്റിൻകര: പിതാവിനെ മക്കൾ സമാധിയിരുത്തിയ സംഭവത്തിൽ സമാധി സ്ഥലമെന്ന പേരിൽ നിർമിച്ച കോൺക്രീറ്റ് അറ പൊലീസ് ഇന്നു തുറന്ന് ഫൊറൻസിക് പരിശോധനയും പോസ്റ്റ്മോർട്ടവും നടത്തും. നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ(മണിയൻ –69) മരിച്ചതുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിക്കപ്പെടുന്ന സാഹചര്യത്തിലാണ് പരിശോധന. സമാധി ഇരുത്തിയ അറ തുറന്നു പരിശോധിക്കണമെന്ന നിർദേശം കലക്ടർ അനുകുമാരി ഇന്നു നൽകുമെന്നാണു വിവരം.

ആർഡിഒയുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു മാറ്റിയേക്കും. അറയ്ക്കുള്ളിൽ ഇരുന്ന് ജീർണിച്ച അവസ്ഥയിലാണെങ്കിൽ അടുത്തു തന്നെ സൗകര്യപ്രദമായ സ്ഥലത്ത് പോസ്റ്റ്മോർട്ടം നടത്തും.

രോഗബാധിതനായി കിടപ്പിലായിരുന്ന ഗോപൻ വ്യാഴം രാവിലെ മരിച്ചതിനെ തുടർന്ന് സമാധിയിരുത്തിയെന്നാണ് ഭാര്യ സുലോചനയും മക്കളായ രാജസേനനും സനന്തനും പറഞ്ഞത്. രാജസേനൻ പിന്നീട് ഈ മൊഴി മാറ്റി. പിതാവ് സമാധിയാകാൻ ആഗ്രഹിക്കുന്ന വിവരം തന്നോട് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് സമാധി ഇരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാജസേനൻ കുടുംബ ക്ഷേത്രത്തിലെ പൂജാരിയാണ്. വ്യാഴം രാവിലെ പത്തരയോടെ പിതാവിനെ സമാധി സ്ഥലത്ത് എത്തിച്ചെന്നും പത്മാസനത്തിൽ ഇരുന്ന അദ്ദേഹം പറഞ്ഞത് അനുസരിച്ചുള്ള പൂജകൾ നടത്തിയെന്നും രാജസേനൻ പറഞ്ഞു.

വെള്ളി പുലർച്ചെ മൂന്നര വരെ പൂജ നീണ്ടു. അപ്പോഴാണ് സമാധി പൂർ‌ത്തിയായതെന്നും പിന്നീട് ഈ അറ കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചുവെന്നും രാജസേനൻ പൊലീസിനു മൊഴി നൽകി. കടുത്ത ശിവ ഭക്തനായ ഗോപൻ സ്വാമി വീട്ടുവളപ്പിൽ തന്നെ ശിവ ക്ഷേത്രം നിർമിച്ചു പൂജകൾ നടത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇതിനു സമീപമാണ് സമാധി സ്ഥലം. ഇതും വർഷങ്ങൾക്കു മുൻപ് ഗോപൻ സ്വാമി തന്നെ നിർമിച്ചതാണെന്ന് ഭാര്യയും മക്കളും പറഞ്ഞു. മരണ ശേഷം ദൈവത്തിന്റെ അടുക്കൽ പോകണമെങ്കിൽ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും നിർദേശം നൽകിയിരുന്നതായി മക്കൾ മൊഴി നൽകി.