ശബരിമല: ശബരിമലയിൽ മകരവിളക്ക് ദർശനം നാളെ. സന്നിധാനത്തേക്ക് തീർത്ഥാടക തിരക്ക് വർധിച്ചു. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് വിശേഷാൽ ദീപാരാധന നടക്കും. ഇതിന് ശേഷം പൊന്നമ്പല മേട്ടിൽ മകരവിളക്കും ആകാശത്ത് മകര നക്ഷത്രവും തെളിയും.
ഇന്ന് വെർച്ചൽ, സ്പോട്ട് ബുക്കിംഗിലൂടെ അൻപത്തി അയ്യായിരം തീർത്ഥാടകരെ കൂടി സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് തീർത്ഥാടകരാണ് മകരവിളക്ക് ദർശിക്കാൻ സന്നിധാനത്ത് വിരിവെച്ച് കഴിയുന്നത്. ആചാരപ്പെരുമയിൽ തന്നെയാണ് ഇത്തവണത്തെയും തിരുവാഭരണ ഘോഷയാത്ര. പന്തളം കൊട്ടാരത്തിൽ നിന്നും രാവിലെ തന്നെ തിരുവാഭരണം വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് മാറ്റി. തുടർന്ന് 12 മണി വരെ ഭക്തജനങ്ങൾക്ക് കാണാനുള്ള അവസരം ഒരുക്കി. ശേഷം പ്രത്യേക പൂജകൾ. കൃത്യം ഒരു മണിക്ക് തന്നെ തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളത്തു നിന്നും ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
ഇത്തവണയും ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് തിരുവാഭരണം വഹിക്കുന്നത്. മകരവിളക്ക് ദിവസം അഞ്ചുമണിയോടെ ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സ്വീകരിക്കും. തുടർന്നാണ് സന്നിധാനത്തെ ചടങ്ങുകൾ.