Kerala

ആശയെ കാണാനില്ലെന്ന് ഭർത്താവിന്റെ പരാതി; കുമാറിന്റെ കയ്യിൽ 3 കത്തികൾ; നിർണായക കണ്ടെത്തലുമായി പൊലീസ്

തിരുവനന്തപുരം: സുഹൃത്തായ വീട്ടമ്മയെ തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമിൽ കുത്തിക്കൊന്ന ശേഷം സ്വകാര്യ ടിവി ചാനലിലെ പ്രോഗ്രാം അസി.ക്യാമറമാൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. പേയാട് പനങ്ങോട് ആലന്തറക്കോണത്തു സ്വദേശി സി.കുമാർ (52), പേയാട് ചെറുപാറ എസ്ആർ ഭവനിൽ സുനിൽ കുമാറിന്റെ ഭാര്യയും പാങ്ങോട് മിലിറ്ററി ക്യാംപിലെ കരാർ തൊഴിലാളിയുമായ ആശ (42) എന്നിവരാണു മരിച്ചത്. ആശയെ കുമാർ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച മുറിയെടുത്ത കുമാർ ആശയെ ആക്രമിക്കാനായി ചെറുതും വലുതുമായി 3 കത്തി വാങ്ങി സൂക്ഷിച്ചിരുന്നു.

ആശയെ കഴുത്തിനു കുത്തേറ്റ നിലയിലും കുമാറിനെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലുമാണു കണ്ടെത്തിയത്. കെഎസ്ആർടിസി ടെർമിനലിനു സമീപത്തെ കൊടിയിൽ ടൂറിസ്റ്റ് ഹോമിലാണു സംഭവം. ‌3 കത്തികളിൽ മൂർച്ചയേറിയ കത്തിയാണു കുത്താനായി കുമാർ ഉപയോഗിച്ചത്. കഴുത്തിൽ 4 തവണ കുത്തേറ്റ പാടുണ്ട്. ജീവനൊടുക്കാനുള്ള കയറും കുമാർ വാങ്ങി സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവിടെ കുമാർ മുറിയെടുത്ത ശേഷം ഇരുവരും പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ശനി രാവിലെ ഇവിടെയെത്തിയ ആശ ഭക്ഷണവും വസ്ത്രങ്ങളും ബാഗിൽ കരുതിയിരുന്നു. നിറയെ വസ്ത്രങ്ങളുമായെത്തിയ ഇവർ തിരിച്ചുപോകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇരുവരും 3 വർഷം മുൻപു സൗഹൃദത്തിലായത്. ആശയിൽനിന്നു കുമാർ പലതവണ പണം കടം വാങ്ങിയിരുന്നതായി വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കമാകാം സംഭവത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. ആശയും കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചു ബന്ധുക്കൾക്കോ നാട്ടുകാർക്കോ അറിവില്ല.

ചാനലിലെ ജീവനക്കാരായ ടൂറിസ്റ്റ് ഹോം ഉടമ ഷൂട്ടിങ്ങിന്റെ കാര്യത്തിനായി രാവിലെ കുമാറിന്റെ ഫോണിലേക്കു പലതവണ വിളിച്ചിട്ടും കിട്ടിയില്ല. മുറിയിലെത്തി മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനാൽ പൊലീസിൽ അറിയിച്ചു. അവരെത്തിയാണ് ഏഴു മണിയോടെ വാതിൽ തള്ളി തുറന്നത്. വാതിലിന് എതിർവശത്ത് കഴുത്തിൽ മുറിവേറ്റ നിലയിൽ ആശയുടെയും ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കുമാറിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കുത്താൻ ഉപയോഗിച്ച കത്തി കട്ടിലിനു സമീപത്തുണ്ടായിരുന്നു. മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ആശയുടെ ദേഹത്തു ക്ഷതമേറ്റ പാടുകളും കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളി വൈകിട്ടാണ് കുമാർ ലോഡ്ജിൽ മുറിയെടുത്തത്. ആശയും മുറിയിൽ ഉണ്ടാകുമെന്നു ലോഡ്ജ് ഉടമയോടു പറഞ്ഞിരുന്നു. ശനി രാവിലെയാണ് ആശ ലോഡ്ജിൽ എത്തിയത്. പിന്നീട് ഇവർ പുറത്തിറങ്ങിയിട്ടില്ല. ജോലിക്കുപോയ ആശ തിരിച്ചെത്താത്തതിനാൽ ഭർത്താവ് സുനിൽ വൈകിട്ട് അന്വേഷിച്ചിരുന്നു. സഹപ്രവർത്തകരോട് അന്വേഷിച്ചപ്പോൾ ആശ അവധിയാണെന്ന് അറിഞ്ഞു.

സുനിലിന്റെ പരാതി അനുസരിച്ച് രാത്രി 11ന് വിളപ്പിൽശാല പൊലീസ് കേസെടുത്തു. കുമാർ ഭാര്യയുമായി പിരിഞ്ഞു 4 വർഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റയ്ക്കാണു താമസം. ഏക മകൻ ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിലാണ്. ആശയുടെ ഭർത്താവ് സുനിൽകുമാർ കെട്ടിട നിർമാണ തൊഴിലാളിയാണ്. ഇവർക്ക് 2 മക്കളുണ്ട്.