Kerala

പുസ്തക പ്രേമികളെ വരൂ, നിങ്ങള്‍ക്കായി ഒരു ദിനംകൂടി; മൂന്നാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് സമാപനം

വായനയുടെ അനന്തസാധ്യതകള്‍ പുസ്തകപ്രേമികള്‍ക്ക് പകര്‍ന്നു നല്‍കിയ മൂന്നാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. നിങ്ങള്‍ വായിക്കണമെന്ന് കരുതിയിരുന്ന ഒരു പുസ്തകം ഇനിയും തിരയുകയണോ, വേഗം നിയമസഭയിലേക്ക് വന്നോളൂ ആ പുസ്തകം ഇവിടെ ലഭിച്ചിരിക്കും. ഒട്ടുമിക്ക സാഹിത്യ രചനകളുടെയും വലിയ ഒരു ശേഖരം തന്നെയാണ് പുസ്തകോത്സവത്തില്‍ ഒരുക്കിയത്. വായനയുടെ കൂട്ടുകാര്‍ ഇവിടെയെത്തുകയും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ആ പുസ്തകങ്ങള്‍ വാങ്ങി തിരികെ പോയി. കഥാ, കഥേയതര പുസ്തകങ്ങളുടെ വലിയൊരു വിജ്ഞാനശേഖരത്തെ അടുത്തറിയാനുള്ള അവസാന ദിവസം ആണ് ഇന്ന്. പുസ്തക സ്റ്റാളുകള്‍ക്ക് പുറമെ വിജ്ഞാനവും കൗതുകവും അതുപോലെ ഗൗരവ്വകരവുമായ ചര്‍ച്ചകള്‍ക്കും അവാസാന ദിവസം നിയമസഭ സാക്ഷ്യം വഹിക്കും.

പ്രധാനവേദിയായ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ച് രാവിലെ 10.30 മണിക്ക് പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് ഡയലോഗ് സെഷനില്‍ ജമ്മു കാശ്ംമീര്‍ എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമി, മന്ത്രി എം ബി രാജേഷ് എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഓണ്‍ലൈന്‍ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം നടക്കും.

3.30 ന് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത സിനിമാതാരം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ശ്രീലങ്കന്‍ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയാകും. ചടങ്ങില്‍ ഇന്ദ്രന്‍സിനെ ആദരിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എമാരായ കെ പി എ മജീദ്, പി സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതവും നിയമസഭ സെക്രട്ടറി ഡോ എന്‍ കൃഷ്ണകുമാര്‍ നന്ദിയും പറയും.

വേദി രണ്ടിലെ ഡയലോഗ് സെഷനില്‍ ശ്രീലങ്കന്‍ സാഹിത്യകാരി വി.വി. പത്മസീലി, പുഷ്പാ കുറുപ്പ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് അച്ചടിമാധ്യമത്തിന്റെ ആയുസ്സ് എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച, സിനിമയും ജീവിതവും എന്ന വിഷയത്തില്‍ ഇന്ദ്രന്‍സ്, സന്തോഷ് എച്ചിക്കാനവും പങ്കെടുക്കുന്ന ചര്‍ച്ചയും നടക്കും. നിയമസഭാ പ്രധാന കവാടത്തിനു മുന്നിലെ സ്റ്റുഡന്‍സ് കോര്‍ണറായ വേദി മൂന്നില്‍ പ്രീത് അഴിക്കോടിന്റെ മെന്റലിസം, വയനയുടെ സ്വര്‍ഗം എന്ന വിഷയത്തില്‍ ഡോ. അജയപുരം ജ്യോതിഷ്‌കുമാര്‍ നയിക്കുന്ന ഇന്ററാക്ടീവ് സെഷന്‍, ഫെലിക്‌സ് ജോഫ്രി വിയുടെ പപ്പറ്റ് ഷോ, കുന്നിക്കുരുമണികള്‍ എന്ന വിഷയത്തില്‍ ഷൈലജ പി. അംബു നയിക്കുന്ന ഇന്ററാക്ടീവ് സെഷന്‍, വിവിധ സ്‌കുളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, യുനീസെഫ് പ്രോഗ്രാമുകള്‍, സാബു കോട്ടയ്ക്കല്‍ നയിക്കുന്ന പഠന ജീവിതം സര്‍ഗ്ഗാത്മക പാഠകള്‍ എന്ന വിഷയത്തിലും, ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍ എന്ന വിഷയത്തില്‍ ഡോ. എല്‍.ആര്‍. മധുജന്‍ എന്നിവര്‍ നയിക്കുന്ന ഇന്ററാക്ടീവ് സെഷന്‍ എന്നിവയും വേദി മൂന്നില്‍ നടക്കും. വേദി നാല്, അഞ്ച്, ആറ് എന്നിവയില്‍ രാവിലെ 10. 30 മുതല്‍ മുതല്‍ പുസ്തകപ്രകാശനങ്ങള്‍ നടക്കും. പ്രവേശന കവാടത്തിനു മുന്നിലുള്ള വേദി ഏഴില്‍ പുസ്തകം ഒപ്പിടല്‍ നടക്കും. കുടുംബശ്രിയുടെ ഫുഡ്‌കോര്‍ട്ടും, ദീപവിതാനവും ഇന്നു രാത്രിവരെയുണ്ടാകും. വൈകുന്നേരം ഏഴ് മണിക്ക് ഏഷ്യാനെറ്റിന്റെ നേതൃത്വത്തില്‍ മെഗാഷോയും സംഘടിപ്പിക്കും.