India

ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന മാധ്യമവാർത്ത; വിമർശനവുമായി സിദ്ധരാമയ്യ

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ സിദ്ധരാമയ്യ മാറി, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന മാധ്യമവാർത്തകൾക്കെതിരെയാണ് അദ്ദേ​ഹം രം​ഗത്തെത്തിയത്. തൻ്റെ കസേര ഒഴിഞ്ഞിട്ടില്ലെന്നും മാധ്യമ പ്രവർത്തകർ ‘ഊഹ പത്രപ്രവർത്തനം’ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് ഓഫ് ബാംഗ്ലൂർ (പിസിബി) അവാർഡ് വിതരണത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഞങ്ങൾക്കിടയിൽ ആശയക്കുഴപ്പമൊന്നുമില്ല, പക്ഷേ മാധ്യമപ്രവർത്തകർ ഇപ്പോഴും മുഖ്യമന്ത്രി മാറും എന്ന് എഴുതുന്നു. എൻ്റെ കസേര ഒഴിഞ്ഞിട്ടില്ല. ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആളുകൾ അത്താഴത്തിന് ഒത്തുകൂടിയാൽ, മുഖ്യമന്ത്രി മാറ്റ ചർച്ചകൾ നടക്കുമെന്ന ഊഹാപോഹത്തിൻ്റെ അടിസ്ഥാനത്തിലാണ് വാർത്തയാകുന്നത്. ഞങ്ങൾ ചർച്ച ചെയ്യുന്ന വിഷയമൊന്നുമല്ല റിപ്പോർട്ട് ചെയ്യുന്നത്. മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുമ്പോൾ സമൂഹത്തെയും മനസാക്ഷിയെയും മനസ്സിൽ കരുതണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാലത്ത് ഊഹ പത്രപ്രവർത്തനം കേന്ദ്രീകരിക്കുകയാണ്. ഇതൊരു അപകടകരമായ പ്രവണതയാണ്. ഇത് ശരിയാണോ തെറ്റാണോ എന്ന് നിങ്ങൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.