സ്‌പീക്കർ എഎൻ ഷംസീറിന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ വാർത്താ സമ്മേളനം നടത്തി പിവി അൻവർ. നിലമ്പൂരിൽ ജയിപ്പിച്ച ജനങ്ങൾക്കും ഒപ്പം നിന്ന ഇടതുപക്ഷ നേതാക്കൾക്കും അൻവർ നന്ദി പറഞ്ഞു. മമത പറഞ്ഞിട്ടാണ് രാജി വച്ചതെന്നും ഇനിയുള്ള പോരാട്ടം മലയോര മേഖലയിലെ ജനങ്ങൾക്കായാണെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് മത്സരിക്കില്ലെന്നും അൻവർ വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പ് പിണറായിസതിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂർ അറിയുന്ന ആളെ സ്ഥാനാർത്ഥി ആക്കണം. ആ മേഖലയിൽ ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റ പ്രധാന ഉപാധിക്ക് വഴങ്ങിയ അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ മാപ്പ് പറഞ്ഞു. പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണം. നിയമ സഭയിൽ വിഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നിൽ പി ശശിയാണ്. സഭയിൽ താൻ തന്നെ ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടു. വിഷയം ശരിയല്ലേ എന്ന് ചോദിച്ചപ്പോൾ പൂർണ്ണമായും ശരിയെന്നായിരുന്നു മറുപടി ലഭിച്ചത്. തന്നെ കോൺഗ്രസിന്റ ശത്രു ആക്കാൻ ഗൂഢാലോചന ഉണ്ടായെന്നും അൻവർ ആരോപിച്ചു.