Science

ഇത് മിസ്സായാൽ പിന്നെ ഒരിക്കലും നമുക്കത് കാണാനാകില്ല; ആകാശത്ത് അപൂർവ്വ ധൂമകേതു ഇന്നെത്തും, കണ്ണുംനട്ട് ബഹിരാകാശ ഗവേഷകർ | comet g3 atlas appear today

കണ്ടെത്താന്‍ ഏറെ പ്രായമുള്ള +19 മാഗ്നിറ്റ്യൂഡിലായിരുന്നു ഈ വാല്‍നക്ഷത്രത്തിന്‍റെ സ്ഥാനം

സാന്‍റിയാഗോ: ആകാശക്കാഴ്ചകൾ എന്നും ആസ്വദിക്കുന്നവരാണ് നമ്മൾ. ഇന്നും അറിയാത്ത ഒരുപാട് കാര്യങ്ങളാണ് അങ്ങ് ആകാശത്ത് നടക്കുന്നത്. ഇതാ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തിളക്കമേറിയ വാല്‍നക്ഷത്രത്തെ ഇന്ന് കാണാൻ സാധിക്കും. 160,000 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു അപൂര്‍വ ധൂമകേതുവാണ് ഇന്ന് ആകാശത്ത് വിരുന്നെത്തുക. കോമറ്റ് ജി 3 അറ്റ്‌ലസ് എന്ന വാൽനക്ഷത്രം സൂര്യനോട് ഏറ്റവും അടുത്ത് എത്തിച്ചേരുന്ന ദിവസമാണിന്ന്. നിലവില്‍ ഭൂമിയില്‍ നിന്ന് കാണാനാവുന്ന ഗ്രഹങ്ങളായ വ്യാഴത്തെയും ശുക്രനെയും തിളക്കം കൊണ്ട് കോമറ്റ് ജി3 അറ്റ്‌ലസ് വാല്‍നക്ഷത്രം പിന്നിലാക്കിയേക്കുമെന്നാണ് ബഹിരാകാശ ഗവേഷകർ വിശദമാക്കുന്നത്.

ചിലിയിലെ അറ്റ്‌ലസ് ദൂരദര്‍ശിനിയാണ് കോമറ്റ് ജി3യെ 2024 ഏപ്രില്‍ അഞ്ചിന് കണ്ടെത്തിയത്. തിരിച്ചറിയുമ്പോള്‍ ഭൂമിയില്‍ നിന്ന് 655 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരുന്നു ഇതിന്‍റെ സ്ഥാനം. കണ്ടെത്താന്‍ ഏറെ പ്രായമുള്ള +19 മാഗ്നിറ്റ്യൂഡിലായിരുന്നു ഈ വാല്‍നക്ഷത്രത്തിന്‍റെ സ്ഥാനം. കോമറ്റ് ജി3 അറ്റ്‌ലസിന് സൂര്യനെ ചുറ്റാൻ ഏകദേശം 160,000 വർഷമെടുക്കും. ഇത്രയും ദൈര്‍ഘ്യമേറിയ ഭ്രമണപഥത്തിലൂടെയാണ് സഞ്ചാരം എന്നതിനാല്‍ ഈ ധൂമകേതുവിനെ ഇനിയെന്ന് കാണുമെന്ന് നമുക്ക് ഊഹിക്കാന്‍ കൂടി കഴിയില്ല. അതിനാലാണ് ഇന്നത്തെ ആകാശക്കാഴ്‌ച അത്യപൂര്‍വ വിസ്‌മയമായി മാറുന്നത്. ഇന്ന് ദൃശ്യമാകുന്ന കോമറ്റ് ജി3 അറ്റ്‌ലസ് വണ്‍സ്-ഇന്‍-എ-ലൈഫ്‌ടൈം അനുഭവമായിരിക്കും വാനനിരീക്ഷകര്‍ക്ക് സമ്മാനിക്കുക.

കോമറ്റ് ജി3 അറ്റ്‌ലസ് ജനുവരി 13ന് സൂര്യോപരിതലത്തിന് 8.7 ദശലക്ഷം മൈല്‍ മാത്രം അടുത്തെത്തും. ഭൂമി ഇതിനേക്കാള്‍ പതിന്‍മടങ്ങ് അകലത്തിലാണ് സൂര്യനെ വലംവെക്കുന്നത്. സൂര്യന് ഇത്രയും അടുത്ത് സാധാരണയായി വാല്‍നക്ഷത്രങ്ങള്‍ എത്താറില്ല. അതിനാല്‍ സൂര്യനെ അതിജീവിക്കുമോ ഈ വാല്‍നക്ഷത്രം എന്ന സംശയം സജീവമാണ്. സൂര്യന് വളരെ അടുത്തെത്തും എന്നതുകൊണ്ടുതന്നെ കോമറ്റ് ജി3യ്ക്ക് തിളക്കവുമേറും. എന്നാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കോമറ്റ് ജി3 അറ്റ്‌ലസ് ധൂമകേതുവിനെ കാണുക പ്രയാസമായിരിക്കും. എന്തായാലും ദൂരദര്‍ശിനികളുടെ സഹായത്തോടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ കോമറ്റ് ജി3 അറ്റ്‌ലസിനെ നിരീക്ഷിച്ചുവരികയാണ്.

CONTENT HIGHLIGHT: comet g3 atlas appear today