നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധിക്കേസിൽ കല്ലറ തുറന്ന് പരിശോധിക്കാൻ ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസിൻറെ വൻ സന്നാഹമാണ് സ്ഥലത്തുള്ളത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാവർത്തിച്ച് കുടുംബം എതിർപ്പുമായി രംഗത്തെത്തി. ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയിരിക്കുകയാണ്.
സബ് കളക്ടര്‍ ആല്‍ഫ്രഡിന്‍റെ സാന്നിധ്യത്തിലാണ് തുറന്ന് പരിശോധിക്കുന്നത്. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്. സംഭവത്തില്‍ കുടുംബത്തിന്‍റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.