പി.വി.അൻവറിന്റെ രാജിക്ക് പിന്നാലെ വിമർശിച്ചും പരിഹസിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അന്‍വര്‍ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്‌നമല്ലെന്ന് എം.വി.ഗോവിന്ദൻ. അന്‍വര്‍ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും അൻവറിന്റെ കാര്യത്തിൽ ഒന്നും പറയാനില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
‘വാചക കസർത്തുകൊണ്ട് കേരളം രാഷ്ട്രീയം കൈകാര്യം ചെയ്യാൻ സാധിക്കില്ല. ഓരോദിവസവും ഓരോ സ്ഥലത്തേക്കാണ് പിവി അൻവർ പോകുന്നത്. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നീ രണ്ടേ രണ്ട് ഭാഗങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ. അതിനിടയിൽ നിന്നുപോകാൻ സാധിക്കുന്ന യാതൊരു സാഹചര്യവും കേരളത്തിൽ ഇല്ല. അതിനാൽ പി വി അൻവർ യുഡിഎഫിലേക്ക് പോകും. അദ്ദേഹത്തിന്റേത് അറുപിന്തിരിപ്പൻ നയങ്ങളാണ്’- എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇടതുമുന്നണിയും സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഡിഎംകെയിലേക്കും ഒടുവിൽ തൃണമൂൽ കോൺഗ്രസിലേക്കുമാണ് അൻവർ എത്തിയത്. ഇതിനിടെ നേരിട്ടും ലീഗുമായി ചേർന്നും യുഡിഎഫിലെത്താനും ശ്രമിച്ചിരുന്നു. ഇക്കാര്യങ്ങൾ പരോക്ഷമായി ചൂണ്ടിക്കാട്ടി അൻവറിനെ എം.വി.ഗോവിന്ദൻ പരിഹസിക്കുകയും ചെയതു.