Kerala

കലൂർ അപകടം;​ ഓസ്‌കര്‍ ഇവന്റ്സ് ഉടമ ജനീഷിന് ജാമ്യം

കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഓസ്‌കര്‍ ഇവൻ്റ്സ് ഉടമ പി എസ് ജനീഷിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. കേസിൽ മൃദംഗ വിഷൻ എം.ഡി നിഗോഷ് കുമാർ അടക്കമുള്ളവർക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജനീഷിനെ പാലാരിവട്ടം പൊലീസ് തൃശ്ശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.