“കശ്‍മീരിലേക്ക് വരൂ, ഇവിടത്തെ കുഞ്ഞുങ്ങളുടെ മുഖത്തെ പ്രതീക്ഷയും പുഞ്ചിരിയും കാണൂ. കലാകാരും സാംസ്കാരികപ്രവർത്തകരുമായ പുതുതലമുറയുടെ ചുണ്ടിലെ പുഞ്ചിരി ആർക്കും തട്ടിയെടുക്കാനാകില്ലെന്നതാണ് ഞങ്ങൾ കാശ്മീരികളെ ജീവിപ്പിക്കുന്നത്.” നിലയ്ക്കാത്ത പോരാട്ടത്തിന്റെ പ്രതീകമായ കാശ്മീരിലെ കുൽഗാം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമിയുടെ വാക്കുകൾ നിയമസഭാ പുസ്തകോത്സവത്തിലെ ഡയലോഗ് സെഷനിൽ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. ഭയത്തിന്റെ ഇരുണ്ടകാലത്ത് കശ്മീരിൽ കലയും സംസ്കാരവും സ്വതന്ത്രചിന്തയും എങ്ങനെ അതിജീവിക്കുമെന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരിഗാമി. യഥാർത്ഥ കാശ്മീർ, പറയപ്പെടാത്ത കഥകൾ എന്ന വിഷയത്തിലായിരുന്നു ചർച്ച.
ഒരേസമയം തീവ്രവാദ ശക്തികളുടെയും ഭരണവർഗത്തിന്റെയും ശത്രുവായിരിക്കുകയും ആക്രമണങ്ങൾ നേരിടേണ്ടിവരികയും ചെയ്ത അനുഭവവും തരിഗാമി വിവരിച്ചു. സമാധാനപൂർവം ജീവിച്ച ഒരു നാടാണത്. ഏറ്റവും സമാധാനമുള്ള ഇടം. മനോഹരമായ ഭൂപ്രദേശവും കാലാവസ്ഥയും. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ചരിത്രത്തിൽ കശ്മീരിന് വ്യക്തമായ ഇടമുണ്ട്. ഒരു മതേതര ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ കശ്മീരിന്റെ പങ്ക് വലുതാണ്. വിഭജനകാലത്ത് മതേതര ഇന്ത്യയോട് ചേർന്നുനിൽക്കാൻ തീരുമാനിച്ചത് ചരിത്രപരമായ ബന്ധം കൊണ്ടാണ്. ഇന്ത്യമുഴുവൻ കലാപങ്ങളും അസ്വസ്ഥതയും നിറഞ്ഞ അക്കാലത്തുപോലും ഒരൊറ്റ വർഗീയകലാപം നടന്നിട്ടില്ലാത്ത നാടായിരുന്നു കാശ്മീർ. അന്ന് ഭരണഘടന കാശ്മീരിന് നൽകിയ ഉറപ്പുകളെല്ലാം ഇന്ന് കാറ്റിൽപറത്തി. പ്രത്യേക പദവിയുണ്ടായിരുന്ന കാശ്മീർ ഇപ്പോൾ ഒരു സംസ്ഥാനം പോലുമല്ലാതായി. രാജ്യത്തിൻറെ ഇതര ഭാഗങ്ങളുമായി സംവദിക്കാൻ പോലുമാകാത്ത വിധം കശ്മീർ ഒറ്റപ്പെട്ട തുരുത്തായി.
ആർട്ടിക്കിൾ 370 പിൻവലിച്ച നടപടി കാശ്മീർ ജനതയോടുള്ള വെല്ലുവിളിയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ നിരാകരണവുമാണ്. കശ്മീരിലെ സംഭവവികാസങ്ങളെ ഒറ്റപ്പെട്ട സംഭവമായോ കാശ്മീരിനെ ഒറ്റപ്പെട്ട ഇടമായയോ കണക്കാക്കരുത്. ഒരു രാഷ്ട്രീയ പ്രക്രിയയുടെ തുടക്കമാണിതെന്ന് തിരിച്ചറിയണം. പാർലമെന്റിൽ ചർച്ചകൾ ഇല്ലാതായി. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരേക്കാൾ അധികാരം ഗവർണർമാരിൽ നിക്ഷിപ്തമാക്കാൻ ശ്രമിക്കുന്നു. ഒരു രാഷ്ട്രം ഒരു നികുതി അടിച്ചേൽപ്പിച്ചതോടെ പല സംസ്ഥാനങ്ങൾക്കും അർഹമായ ഫണ്ടുകൾ ലഭിക്കാതായി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കിയാൽ ഫെഡറൽ സംവിധാനം തകരും. സംസ്ഥാനങ്ങൾക്ക് അധികാരം നഷ്ടപ്പെടും ഒരു രാജ്യം ഒരു ഭാഷ നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. ഒരു രാജ്യം ഒരു നേതാവ് എന്നതും നടപ്പാകുമോ എന്ന് ഭയക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീർ തുറന്ന ജയിലായി മാറി. കശ്മീരിന് പുറത്ത് ഒരു ഡോക്ടറുടെ സേവനമോ മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന മക്കളുമായി സംസാരിക്കാനോ കഴിയാത്ത വിധം കാശ്മീർ ഒറ്റപ്പെട്ടു. തങ്ങൾക്കും ജീവിക്കണം, നല്ലൊരു ജീവിതം സാധ്യമാകണം. ഇരുട്ടും കണ്ണീരും കഥപറയുന്ന കശ്മീരിന്റെ പുതുതലമുറയുടെ ചുണ്ടിലെ ചിരി മായാതിരിക്കണം. തനിക്കീ നാട്ടിലെ ജനങ്ങളിൽ വിശ്വാസമുണ്ട്. ജനാധിപത്യവും ഭരണഘടനയും നിലനിൽക്കുമെങ്കിൽ രാജ്യത്തിൻ്റെ ഇതര ഭാഗങ്ങളിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യവും നീതിയും കാശ്മീർ ജനതയ്ക്കും ലഭിക്കുമെന്ന് തനിക്കുറപ്പുണ്ട്. പല അഭിപ്രായങ്ങളും നിലപാടുകളും രാഷ്ട്രീയവും ഉണ്ടായിരിക്കുമ്പോഴും മതേതരമായും ജനാധിപത്യപരമായും നിലനിൽക്കുന്ന ഒരു രാജ്യം വേണമെന്നാഗ്രഹിക്കുന്ന മനുഷ്യരിലാണ് കശ്മീരിന്റെ പ്രതീക്ഷ. അതിനായി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും ജനാധിപത്യവാദികളുടെ പിന്തുണ വേണമെന്നും തരിഗാമി പറഞ്ഞു.
കശ്മീർ മുഖ്യമന്ത്രിയെക്കാൾ കേരളത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് തരിഗാമിയാണെന്നും മതനിരപേക്ഷ, ഫെഡറൽ ഇന്ത്യയുടെ കാവലാളും പ്രതിരോധത്തിന്റെ പ്രതീകവുമായുമാണ് മലയാളികൾ തരിഗാമിയെ കാണുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. കുൽഗാമിൽ തരിഗാമി ഇത്തവണ ജയിക്കില്ലെന്ന് കേരളത്തിൽപോലും പ്രചാരണം നടന്നപ്പോഴാണ് അഞ്ചാമതും വിജയിച്ച് എംഎൽഎ ആയി ഇപ്പോൾ കേരളത്തിലേക്ക് വന്നത്. ഇരുണ്ട കാലത്തെ പറ്റിയുള്ള പാട്ടുകൾ പ്രതിധ്വനിക്കുന്ന കാശ്മീർ താഴ്‌വരയിൽ സമാധാനത്തിന്റെ പാട്ടുകളുയരാൻ ഒരുമിച്ച് പോരാടാമെന്നും മന്ത്രി പറഞ്ഞു.
CONTENT HIGH LIGHTS; Kashmir’s smile cannot be erased: Muhammad Yusuf Tarigami