India

ചെലവ് 2,400 കോടിരൂപ, തന്ത്രപ്രധാനമായ പാത; Z മോഡ് തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കശ്മീർ ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി തുരങ്കപാത ഉദ്ഘാടനം ചെയ്തത്. ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർ​ഗിൽ 2,400 കോടി രൂപ ചെലവിലാണ് Z മോർ​ഹ് ​തുരങ്കപാത നിർമിച്ചിരിക്കുന്നത്. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍, ആയിരം വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഇതിന് സമാന്തരമായി 7.5 മീറ്റര്‍ വിസ്തൃതിയുള്ള മറ്റൊരു തുരങ്കവും നിര്‍മിച്ചിട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന Z-മോർഹ് തുരങ്കത്തിന് 12 കിലോമീറ്റർ നീളമുണ്ട്. വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് Z -മോർ​ഹ് തുരങ്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇംഗ്ലീഷ് അക്ഷരമാലയിലെ Z എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള റോഡിന് പകരം വരുന്ന തുരങ്കമായതിനാലാണ് തുരങ്കത്തിന് Z മോഡ് എന്ന പേര് ലഭിച്ചത്. പദ്ധതി 2023 ആഗസ്റ്റില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു. സോജില ടണൽ പദ്ധതിയുടെ ഭാ​ഗമാണ് ഇസഡ്- മോർഹ് തുരങ്കം. 2028 ഓടെ ഇത് പൂർത്തിയാകും. സോജില ടണൽ യാഥാർത്ഥ്യമാവുന്നതോടെ ശ്രീന​ഗർ താഴ്വരയ്‌ക്കും ലഡാക്കിനും ഇടയിലെ ദൈർഘ്യം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയും.