സമീപകാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത വിധമുള്ള സമാധിക്കഥയാണ് നെയ്യാറ്റിന്‍കരയില്‍ നിന്നും കേള്‍ക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയയെയാണ് കുടുംബം സമാധിയാക്കിയത്. സമാധിയായെന്ന് നാട്ടുകാരും ഭരണകൂടവും തിരിച്ചറിഞ്ഞത്, കുടുംബം സ്ഥാപിച്ച പോസ്റ്ററിലൂടെയും. തുടര്‍ന്നാണ് പരാതിയും, പോലീസും, കളക്ടറുമെല്ലാം ഇടപെട്ടത്. പ്രശ്‌നം വലിയൊരു സാമൂഹിക വിഷയത്തിലേക്ക് തിരിഞ്ഞതോടെ കുടുംബം ഭക്തിയുടെ പാരമ്യത്തിലേക്ക് ഉയര്‍ന്നു ചിന്തിച്ചു. പിതാവിന്റെ സമാധി സ്ഥലം പൊളിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന മകന്‍ ഭീഷണി മുഴക്കി. ഒപ്പം സ്വാമിയുടെ ഭാര്യയും വാശി പിടിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ ഭരണകൂടം കുഴങ്ങി.
എങ്കിലും ഒരു മനുഷ്യനെ ജീവനോടെ മൂടുകയെന്നത് ചിന്തിക്കാനാവില്ല. ആധുനിക കാലത്ത്, എന്തിന്റെ പേരിലാണ് സമാധി എന്നറിയേണ്ടതുണ്ട്. അദ്ദേഹം മരണപ്പെട്ടതിനു ശേഷമാണോ കല്ലറയില്‍ അടക്കം ചെയ്തതെന്നു കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാമായിരുന്നു ജീല്ലാ ഭരണ കൂടത്തിന്റെ മുമ്പിലെ ചോദ്യങ്ങള്‍. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ നടന്നത് വിശ്വാസത്തിന്റെയും ആത്മീയതയുടെയും ഭക്തിയുടെയുമൊക്കെ മറ്റൊരു വേര്‍ഷനായിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പിനൊപ്പം വിഷയത്തില്‍ മുതലെടുപ്പിനായി ഒരു വിഭാഗം ആളുകളും രംഗത്തുവന്നതോടെയാണ് തല്‍ക്കാലം കല്ലറ തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ജില്ലാ ഭരണകൂടം എത്തിയത്. ഈ വിവരം സബ് കളക്ടര്‍ അറിയിക്കുകയും ചെയ്തു.
ഗോപന്‍ സ്വാമികളുടെ കുടുംബത്തിന്റെ ഭാഗം കേട്ടതിനു ശേഷമേ മറ്റു നടപടികള്‍ ഉണ്ടാകൂ. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തല്‍ക്കാലം കല്ലറ തുറക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. കുടുംബത്തെ സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ചിലര്‍ സമാധി തുറക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തുറക്കരുതെന്ന് പറയുന്നവരും തമ്മില്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ അനിയന്ത്രിതമാകുമെന്ന ഘട്ടം എത്തിയതോടെ നടപടി നിര്‍ത്തിവെക്കാന്‍ സബ് കളക്ടര്‍ തീരുമാനിക്കുകയായിരുന്നു.
ക്ഷേത്രസംരക്ഷണ സമിതി പ്രവര്‍ത്തകന്‍ വര്‍ഗീയത പറയുകയാണെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തെത്തി. കല്ലറ പൊളിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഗോപന്‍ സ്വാമിയുടെ കുടുംബാംഗങ്ങളുമായി സബ് കളക്ടര്‍ ആല്‍ഫ്രണ്ട് ചര്‍ച്ച നടത്തുന്നുണ്ട്. മകന്‍ ഉള്‍പ്പെടെ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെത്തി. വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനും ഒപ്പമുണ്ട്. ഗോപന്‍ സ്വാമികളുടെ സമാധിസ്ഥലം എന്ന പേരില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാനും പരിശോധിക്കാനും കളക്ടര്‍ അനുകുമാരി ഇന്ന് രാവിലെയാണ് ഉത്തരവിട്ടത്. അറ തുറക്കാനുള്ള പൊലീസ് നീക്കത്തിന് എതിരെ സ്വാമികളുടെ കുടുംബം ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്തു.
ഇവരുടെ പ്രതിഷേധത്തിനൊപ്പം നാട്ടുകാരില്‍ ചിലരും ചേര്‍ന്നതോടെയാണ് ക്രമസമാധാന പ്രശ്‌നമായി വിഷയം മാറിയത്. വലിയ പൊലീസ് സന്നാഹത്തോടെയാണ് രാവിലെ കളക്ടറുടെ ഉത്തരവ് പ്രകാരം കല്ലറ പൊളിക്കാന്‍ തുടങ്ങിയത്. പൊലീസിനെ കൂടാതെ ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തിയിരുന്നു. പതിനൊന്ന് മണിയോടെ ആര്‍.ഡി.ഒയും ഡി.വൈ.എസ്.പിയും സ്ഥലത്തെത്തി. ഇതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ഉച്ചയോടെ പിന്നീട് നടന്നത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു.
ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും അതിനു പിന്നാലെ ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പരിശോധന പുരോഗമിക്കുമ്പോള്‍ ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി, സംഘടനകളിലെ നേതാക്കള്‍ സമാധി സ്ഥത്തെത്തി. സമാധി പൊളിക്കരുതെന്നും മതവികാരത്തെ അത് വ്രണപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നേതാക്കള്‍ പ്രദേശവാസികളല്ലെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും ഇതോടെ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെയാണ് കുടുംബത്തിന്റെ ഭാഗംകൂടി കേള്‍ക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ തീരുമാനിച്ചത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കുടുംബം അപ്പോഴും അറിയിച്ചത്.
ഭര്‍ത്താവ് സമാധിയായതാണെന്നും തുറക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന ജില്ലാ ഭരണകൂടത്തോട് പറഞ്ഞു. ക്ഷേത്രഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നില്‍. ബന്ധുക്കളാരും പരാതി നല്‍കിയിട്ടില്ല. ഭര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കുമായിരുന്നുവെന്നും സുലോചന പറഞ്ഞു. പിതാവിന്റെ സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍ രാജസേനനും ഭീഷണിമുഴക്കി.ഗോപന്‍ സ്വാമികളുടെ സമാധി സ്ഥലം പൊളിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും മരണകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും നാട്ടുകാരാണ് ആവശ്യപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.
content high lights: Samadhi of Neyyatinkara Gopan Swami: Decision not to demolish the tomb for the time being; There is a fear that there will be a fight and suicide due to the dispute and the law and order will break down