Kerala

പ്ലാസ്റ്റിക് ഉപയോഗം:സർക്കാര്‍ സുപ്രധാന നടപടിയിലേക്ക്; പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സെസ്,വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം | cess on plastic products

വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ വേസ്റ്റ് ബിന്നുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന നിയമം ഫെബ്രുവരി മുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു

പാലക്കാട്: ഉപയോഗം കുറയ്ക്കുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനുമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സെസ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ വേസ്റ്റ് ബിന്നുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന നിയമം ഫെബ്രുവരി മുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. കപ്പൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് (പറക്കുളം) കുടുംബശ്രീ നിർമിക്കുന്ന തുണിസഞ്ചി വിതരണത്തിൻ്റെ ഉദ്ഘാടനവും വ്യാപാരികൾക്കുള്ള വേസ്റ്റ്  ബിന്നുകളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ബോധവത്കരണത്തിനൊപ്പം ശക്തമായ നിയമ നടപടികള്‍ കൂടി സ്വീകരിക്കുന്നതു വഴി മാത്രമേ പ്ലാസ്റ്റിക് എന്ന വിപത്തിനെ നേരിടാനാവൂ. പ്ലാസ്റ്റിക്കിനെ നേരിടാന്‍ ഓരോരുത്തരും സഹകരിക്കണം. പാതയോരങ്ങളില്‍ പ്ലാസ്റ്റിക് തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

വലിച്ചെറിയൽ വിരുദ്ധ വാരത്തിൻ്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുണി സഞ്ചിയുടെയും വേസ്റ്റ് ബിന്നുകളുടെയും വിതരണം നടത്തിയത്. നയ്യൂർ എ.ജെ.ബി സ്കൂളിൽ നടന്ന ചടങ്ങിൽ കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തിൽ ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. കപ്പൂർ സി.ഡി.എസ് ചെയർപേഴ്സൺ സുജാത മനോഹരൻ, എൻ.വി രാജൻ മാസ്റ്റർ, ലത്തീഫ് കുറ്റിപ്പുറം, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് പൂപ്പാല തുടങ്ങിയവർ പ്രസംഗിച്ചു. വ്യാപാരി പ്രതിനിധി ഷെമീര്‍ മന്ത്രിയില്‍ നിന്നും വേസ്റ്റ് ബിന്‍ ഏറ്റു വാങ്ങി. അക്ഷര ജാലകം അവാര്‍ഡ് നേടിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും 70 വയസ്സ് പിന്നിട്ട തൊഴിലുറപ്പ് തൊഴിലാളികളെയും വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളെയും പരിപാടിയില്‍ മന്ത്രി ആദരിച്ചു.

 

content highlight : minister-of-local-self-government-mb-rajesh-aims-to-bring-cess-on-plastic-products