വിചാരിച്ചതു പോലെ ചെറിയ ഒരു അസുഖമല്ല വായ് പുണ്ണ്. വായ് പുണ്ണിന്‍റെ കാരണങ്ങളും പ്രതിവിധികളും ഏല്ലാവരും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. വായ്പുണ്ണ് പല കാരണങ്ങൾ കൊണ്ടാണ് വരുന്നത്. ചിലതൊക്കെ പേടിക്കാനില്ലെങ്കിലും, മറ്റു ചിലത് ഗൗരവമേറിയതാണ്.
ഇന്ന് വായ്പുണ്ണ് ഉണ്ടാകുന്ന കാരണങ്ങളും അതിന്‍റെ പ്രതിവിധികളും വിശദീകരിക്കാം.
എല്ലാവിധ രോഗങ്ങളും ഉണ്ടാവുന്നത് രോഗിയുടെ ജീവിതചര്യകളില്‍ ഉണ്ടാവുന്ന മാറ്റങ്ങളിക്കൂടിയാണ്. ഭക്ഷണ ക്രമത്തിലും ജീവിത ചിട്ടയിൽ വരുത്തേണ്ട മാറ്റങ്ങളാണ് രോഗി ചെയ്യേണ്ട പ്രാഥമിക ചികിത്സ.
1.വായ്ക്കകം വൃത്തിയായി സൂക്ഷിക്കുക
2.ഭക്ഷണാവശിഷ്ടങ്ങൾ പല്ലുകൾക്കിടയിലും വായ്ക്കകത്തും തങ്ങിനിന്ന് അണുബാധയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക
3.ശരിയായ രീതിയിൽ പല്ലുതേയ്ക്കാനും ഭക്ഷണം കഴിച്ചശേഷം (പ്രത്യേകിച്ച് മധുപലഹാരങ്ങൾ) കഴിച്ചശേഷം നല്ലപോലെ വായ് കഴുകാൻ ശ്രദ്ധിക്കുക.
4.പുകവലി, മദ്യപാനം, പാൻമസാലപോലുള്ളവയുടെ ഉപയോഗം ഒഴിവാക്കുക.
5.പോഷകാഹാരക്കുറവ് യഥാസമയം കണ്ടുപിടിച്ച് പരിഹരിക്കണം.ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും പച്ചിലക്കറികളും സലാഡും ഉൾപ്പെടുത്തി സമീകൃതാഹാരം കഴിക്കുന്നതു വഴി ഒരു പരിധിവരെ വായ്പുണ്ണ് ഉണ്ടാകുന്നതിനെ തടയാനാകും.
6.വായ് പുണ്ണ് വരാനുള്ള പ്രധാന കാരണം അവരുടെ ദഹനം ശരിയായ രീതിയില്‍ നടക്കാത്തതു മൂലമാണ്. സസ്യാഹാരങ്ങള്‍ ധാരാളം കഴിക്കുക. പ്രധാനമായും നാരുകള്‍ അടങ്ങിയ / പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക.
7.മാനസിക പിരിമുറുക്കം ഉണ്ടാവുന്നവര്‍ക്ക് വായില്‍ പുണ്ണ് വരാം. ശാന്തമായി ഇരിക്കാൻ ശ്രമിക്കുക.
8.മരുന്ന് കഴിക്കുമ്പോൾ അല്ലർജി ഉണ്ട് അല്ലെകിൽ വായിലെ തൊലി പോകുന്നുണ്ടെങ്കിൽ മരുന്ന് ഉടനേ നിർത്തുക ഡോക്ടറിനെ കാണുക
9.വായില്‍ പുണ്ണ് ഉള്ളവര്‍ മൃദു ബ്രഷ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
10. വെള്ളം ധാരാളം കുടിക്കുക. ദഹനം കൃത്യമായി നടക്കാനും പോഷകങ്ങൽ ശരീരത്തിൽ ലഭിക്കാനും വെള്ളം സഹായിക്കുന്നു.
വായ്പുണ്ണ് (Aphthous Ulcer) കാരണങ്ങൾ എന്തൊക്കെയാണ്?
1.ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ അഭാവമാണ് പ്രധാന കാരണം.
2. മുറിവ് : സാധാരണമായ മറ്റൊരു കാരണമാണ് വായിന്‍റെ തൊലി പല്ലിന്‍റെ അറ്റം കൊണ്ടോ കടിക്കുമ്പോഴോ മുറിഞ്ഞ ശേഷം പുണ്ണായി മാറുക. വയ്പ്പു പല്ലുകള്‍ കൊള്ളുന്നത് കൊണ്ടും ഇങ്ങനെ ഉണ്ടാകാം
3. കുട്ടികളിൽ സാധാരണ പരീക്ഷാസമയത്തും യുവാക്കളിൽ മാനസിക സമ്മർദ്ദമുള്ളപ്പോഴും സ്ത്രീകളിൽ ആർത്തവ സമയത്തിനോടുത്തോ ഇവ കൂടുതലായി കണ്ടുവരുന്നു
4.വെണ്ണ, ചിലതരം ധാന്യങ്ങൾ എന്നിവയുടെ അലർജി മൂലവും വായിൽ വ്രണങ്ങൾ ഉണ്ടാകാം
5.അമിതമായി ലഹരിമരുന്നുകൾ,പാൻ മസാല ഉപയോഗിക്കുന്നവരിൽ ഉണ്ടാകാം
6. ഉദരസംബന്ധമായ രോഗങ്ങൾ: അൾസറേറ്റീവ് കോളൈറ്റിസ് (ulcerative colitis), ക്രോണ്‍സ് ഡിസീസ് (chrons disease) എന്നീ ഉദരസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. ഇത് വയറുവേദന, വയറിളക്കം, ദഹനക്കേട് എന്നീ രോഗലക്ഷണങ്ങളോടൊപ്പമോ അതിനു മുന്നോടിയായോ വരാവുന്നതാണ്.
7. ബെഹ്സെറ്റ്സ് (Behcet disease) ഡിസീസ്: വായ്പുണ്ണായും രഹസ്യ ഭാഗങ്ങളിൽ പ്രത്യേകിച്ച് പുരുഷൻമാരുടെ ജനനേന്ദ്രിയത്തിലും വട്ടത്തിൽ ഒരുമിച്ചുണ്ടാകുന്ന മറ്റുചില പുണ്ണുകളും തൊലിപ്പുറത്തും കണ്ണിലുമുണ്ടാകുന്ന മറ്റുചില രോഗലക്ഷണങ്ങളും ഇതോടൊപ്പമുണ്ടാകുന്നു. ഈ രോഗാവസ്ഥ പിടിപെടുന്ന 25 ശതമാനം രോഗികൾക്ക് കാലക്രമേണ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ വായ്പുണ്ണിനോടൊപ്പം രഹസ്യ ഭാഗങ്ങളിലും തൊലിപ്പുറത്തും കണ്ണുകളിലും ഒരുമിച്ചുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെതന്നെ കാണേണ്ടതാണ്.
8.മരുന്നുകളുടെ ഉപയോഗം: ചില ആൻറിബയോട്ടിക്കുകളും വേദനാസംഹാരികളും കാൻസർ ചികിത്സയിലും ഹൃദ്രോഗത്തിന്റെ ചികിത്സയിലും ഉപയോഗിക്കുന്ന ചില മരുന്നുകളും വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്.
9.ത്വക്ക് (തൊലിപുറത്തു ഉണ്ടാകുന്ന) രോഗങ്ങൾ: ലൈക്കൻ പ്ലാനസ്, പെംഫിഗസ് തുടങ്ങിയ രോഗാവസ്ഥകൾ. യഥാസമയം രോഗനിർണയം നടത്തി തക്കതായ ചികിത്സ നടത്തേണ്ടതാണ്.
10.കാൻസർ: തുടർച്ചയായി ഒരേസ്ഥലത്തുണ്ടാകുന്ന വായ്പുണ്ണ് മാസങ്ങളോളം ഉണങ്ങാതെ നിൽക്കുകയും നിരന്തരം വലുതാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നുണ്ടെങ്കിൽ അവയെ നിസാരമായി കാണരുത്. ഇത് കാൻസർ രോഗത്തിന്‍റെ പ്രാരംഭ ലക്ഷണമാകാം. ഒരു ബയോപ്സിയിലൂടെ രോഗം തിരിച്ചറിയുകയും യഥാസമയം ചികിത്സ തേടുകയും ചെയ്യാം.
അര്‍ബുദം ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം?
മൂന്നാഴ്ചയില്‍ കൂടുതല്‍ മാറാതിരിക്കുന്ന വായിലെ പുണ്ണുകള്‍, ചുമന്നതോ വെളുത്തതോ ആയ പാടുകള്‍. കൂടാതെ വായിന്റെ ഉള്ളില്‍ മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന മുഴകള്‍ എന്നിവയ്ക്കു ഡോക്ടറിന്‍റെ സഹായം തേടുക.
ആഹാരം ഇറക്കുമ്പോൾ ബുദ്ധിമുട്ട്, തൂക്കം കുറയുക, തീര വിശപ്പില്ലായ്മ എല്ലാം കാൻസറിന്റെ സൂചനകളാണ്. സംശയം ഉണ്ടെങ്കിൽ അര്‍ബുദസാധ്യത ഉള്ള വെള്ള പാടുകള്‍ ബയോപ്സി മുഖേന അര്‍ബുദം ഇല്ലെന്നു ഉറപ്പു വരുത്തണം.
എന്തൊക്കെയാണ് വായ് പുണ്ണിന്‍റെ പരിഹാരം ?
വായ്പുണ്ണ് വരുന്നതിന്‍റെ യഥാർഥ കാരണം കണ്ടുപിടിക്കാൻ സാധിച്ചാൽ മാത്രമേ കൃത്യമായ മരുന്ന് നിർദേശിക്കാനാകു. സാധാരണ കാണുന്ന ആഫ്തസ് അൾസറും (വായ്പുണ്ണ്) മറ്റ് അസുഖങ്ങളും വേർതിരിച്ചറിയുക എന്നതാണ് ചികിത്സയുടെ ആദ്യപടി.
-എന്നിരുന്നാലും ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾ കൊള്ളുന്നത് വായ്പുണ്ണിന് വേഗത്തിൽ ശമനം നൽകും.
-പോഷകാഹാരക്കുറവുണ്ടെങ്കിൽ വൈറ്റമിൻ ഗുളികകൾ കഴിക്കണം.
-വീണ്ടും മുറിവുകൾ ഉണ്ടാവാതെ നോക്കുക
-ആഫ്തസ് അൾസറിന്‍റെ ചികിത്സയ്ക്കായി വായ്ക്കകത്തു പുരട്ടുന്ന ആന്‍റിസെപ്റ്റിക് ജെല്ല്, മൗത്ത് വാഷ് (ക്ലോർഹെക്സിഡിൻ) ഉപയോഗിക്കാവുന്നതാണ്.
-വേദനയ്ക്ക് ആശ്വാസമേകാൻ ലിഗ്നോകെയ്ൻ (lignocaine) എന്ന മരുന്നടങ്ങിയ ജെല്ല് ഉപയോഗിക്കാറുണ്ട്. പെട്ടെന്നുള്ള രോഗശാന്തിക്കായി സ്റ്റിറോയ്ഡ് (steroid) അടങ്ങിയ മരുന്നുകൾ മൂന്നു മുതൽ അഞ്ചു ദിവസംവരെ ഉപയോഗിക്കാവുന്നതാണ്. ഇത് ദീർഘകാലം ഉപയോഗിക്കുന്നത് നല്ലതല്ല.
-*മൂന്നാഴ്ചയിൽ കൂടുതൽ കാലം വായിൽ പുണ്ണ് നീണ്ടുനിൽക്കുന്നതും അടിക്കടിയുണ്ടാവുന്ന വായ്പുണ്ണിനും* ഡോക്ടർമാരുടെ വിദഗ്ധ പരിശോധന ആവശ്യമാണ്.
content highlight: canker-sore-symptoms-and-causes