തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ജനുവരി 13 മുതൽ 16 വരെയുള്ള 4 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 15 -ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
content highlight : cyclone-in-comorin-region-yellow-alert-again-issued-in-kerala-possibility-of-thunderstorm-and-heavy-rain-for-4-days