Alappuzha

കായംകുളത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, യാത്രക്കാർക്ക് അറിയിപ്പുമായി പൊലീസ് | bullet gas tanker overturned in kayamkulam

വാതക ചോര്‍ച്ച ഇല്ലാത്തതിനാൽ ക്രെയിൻ ഉപയോഗിച്ച് ബുള്ളറ്റ് ടാങ്കര്‍ നീക്കുന്നതിനുള്ള നടപടി ആരംഭിച്ചു

ആലപ്പുഴ:കായംകുളത്ത് ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയിൽ കായംകുളം മുതൽ കൊറ്റുകുളങ്ങര വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വാതക ചോര്‍ച്ച ഇല്ലാത്തതിനാൽ ക്രെയിൻ ഉപയോഗിച്ച് ബുള്ളറ്റ് ടാങ്കര്‍ നീക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ടാങ്കര്‍ ലോറിയിൽ ആകെ ഉണ്ടായിരുന്ന 18 ടണ്‍ വാതകത്തിൽ ആറ് ടണ്‍ വാതകം മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക് മാറ്റിയിരുന്നു.

ക്രെയിൻ ബുള്ളറ്റ് ടാങ്കറിന്‍റെ ചെയിനുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ടാങ്കര്‍ സ്ഥലത്ത് നിന്ന് മാറ്റിയശേഷമായിരിക്കും വാഹനങ്ങള്‍ കടത്തിവിടുകയെന്ന് പൊലീസ് അറിയിച്ചു. ദേശീയപാതയിൽ ഒഎന്‍കെ ജങ്ഷനും നങ്ങ്യാര്‍കുളങ്ങര കവല ജങ്ഷനും ഇടയിലുള്ള ഭാഗം ബ്ലോക്ക് ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ ഇട റോഡുകള്‍ ഗതാഗതത്തിനായി ഉപയോഗിക്കണമെന്നും ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ ആറു മണിയോടെയാണ് കായംകുളം കൊറ്റകുളങ്ങര മസ്ജിദിന് സമീപം പാചക വാതക ബുള്ളറ്റ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. മംഗലാപുരത്ത് നിന്ന് കൊല്ലം പാരിപ്പള്ളിയിലെ ഐഒസി പ്ലാന്‍റിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി.

ദേശീയപാതയിൽ നിന്ന് വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ രാജശേഖരൻ പറഞ്ഞു. ക്യാബിനിൽ നിന്നും വാതകം നിറച്ച ബുള്ളറ്റ് ടാങ്കര്‍ വേര്‍പ്പെട്ട നിലയിലാണ്. കായംകുളത്ത് നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിരുന്നു. പാരിപ്പള്ളി ഐഒസിയിലെ വിദഗ്ധരെത്തിയാണ് ആറ് ടണ്‍ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയത്.

 

content highlight :  bullet-gas-tanker-overturned-in-kayamkulam-traffic-control-on-the-national-highway-police-direction-to-commuters