കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സംഘടിപ്പിക്കുന്ന ഒന്നാമത് റാഗ്ബാഗ് ഫെസ്റ്റിവല്‍ നാളെ ആരംഭിക്കും. 19 വരെ നടക്കുന്ന മേളയുടെ വേദി കോവളത്തെ ക്രാഫ്റ്റ് വില്ലേജാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കലാരംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന നവീനവും പരീക്ഷണാത്മകവും വൈവിധ്യമുള്ളതുമായ കലാവിഷ്‌കാരങ്ങളുടെ മേളയാണ് റാഗ്ബാഗ്. നാടകം, സംഗീതം, സര്‍ക്കസ് , ഫിസിക്കല്‍ കോമഡി, മാജിക്ക്, പാവകളി, ഷാഡോ പ്ലെയ്, വിഡിയോ ആര്ട്ട്, അക്രോബാറ്റിക്‌സ്, ട്രപ്പീസ്, വെര്‍ട്ടിക്കല്‍ ഡാന്‍സ് എന്നിങ്ങനെ തികച്ചും വൈവിധ്യമാര്‍ന്ന കലകളുടെ സമന്വയമാണ് റാഗ്ബാഗ്.
ഇന്ത്യ ഉള്‍പ്പടെ പത്തു രാജ്യങ്ങള്‍ ഈ മേളയില്‍ പങ്കെടുക്കുന്നു. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ചിലി, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ നിന്നായി 16 കലാസംഘങ്ങളില്‍ നിന്നായി 300 ലേറെ കലാകാരന്മാര്‍ അണിനിരക്കുന്ന 32 വ്യത്യസ്ത അവതരണങ്ങള്‍ റാഗ് ബാഗിന്റെ സവിശേഷതയാണ്. നാളെ വൈകുന്നേരം 5 മണിക്ക് കരകൗശകല ഭക്ഷ്യമേള രാജ്യസഭ എം പി എ. എ. റഹീം ഉല്‍ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ അതിഥിയായി നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍ കുറുപ്പ് പങ്കെടുക്കും. എം. വിന്‍സെന്റ്, MLA അധ്യക്ഷത വഹിക്കും. വേങ്ങാന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. ശ്രീകുമാര്‍, വെള്ളാര്‍ വാര്‍ഡ് മെമ്പര്‍ അഷ്ട പാലന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബൈജു പനത്തുറ, കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ സതീഷ് കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.
ജയാ ജെയ്റ്റ്‌ലി ക്യൂറേറ്റ് ചെയ്യൂന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുപ്പത്തി മൂന്ന് കരകൗശല സംഘങ്ങള്‍ പങ്കെടുക്കുന്ന കരകൗശല മേള റാഗ്ബാഗിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. കൈത്തറി വസ്ത്രങ്ങള്‍, പ്രത്യേകം ഡിസൈന്‍ ചെയ്ത ആഭരണങ്ങള്‍, ഗൃഹാലങ്കാര വസ്തുക്കള്‍ , മൂല്യ വര്‍ധിത വസ്തുക്കള്‍ തുടങ്ങിയവയും ക്രാഫ്റ്റ് വര്‍ക്ഷോപ് , മധുബാനി ചിത്രങ്ങളുടെ അവതരണം, സഞ്ചി നിര്‍മ്മാണം എന്നിവയും റാഗ്ബാഗ് കര കൗശല മേളയില്‍ ഉണ്ടാകും. ഇന്ത്യയിലെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധയും എഡിബിള്‍ ആര്‍ക്കൈവ്സ് ഹോട്ടല്‍ ശൃംഖലയുടെ സ്ഥാപകയുമായ അനുമിത്ര ഘോഷ് ദസ്തിദാര്‍ ക്യൂറേറ്റ് ചെയുന്ന ഭക്ഷ്യ മേള- റാഗ്ബാഗ് ഫീസ്റ്റ് മറ്റൊരു സവിശേഷ ആര്‍ഷണമാണ്. നാഗാലാന്‍ഡ്, ശ്രീലങ്കന്‍ തമിഴ്, ബംഗാള്‍, നിസാമുദ്ധീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തനത് രുചികള്‍ റാഗ്ബാഗിലെത്തുന്ന പ്രേക്ഷകര്‍ക്ക് രുചിക്കാന്‍ സാധിക്കും.
കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ്, രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന നിഴല്‍ പാവ കൂത്ത്, ജലീല്‍, ഷാനവാസ് എന്നിവര്‍ അവതരിപ്പിക്കുന്ന കബീര്‍ ദാസ് കവിതകളുടെ അവതരണമായ ഡിയര്‍ സ്വാന്‍ എന്നീ പരിപാടികളും റാഗ് ബാഗിന്റെ അനുബന്ധ അവതരണങ്ങളാണ്. വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍ അഥവാ Idea bag റാഗ്ബാഗ് മേളയില്‍ ഉണ്ടാകും. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭര്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ജനുവരി 15ന് വൈകുന്നേരം മലയാളിയായ റോയ്സ്റ്റന്‍ അബേല്‍ സംവിധാനം ചെയ്ത മംഗനിയാര്‍ സെഡക്ഷന്‍ എന്ന മ്യൂസിക് തിയറ്ററിന്റെ അവതരണത്തോടെയാണ് റാഗ്ബാഗ് ഫെസ്റ്റിവല്‍ ആരംഭിക്കുക. 40 സംഗീതജ്ഞര്‍ പങ്കെടുക്കുന്ന മംഗനിയാര്‍ സെഡക്ഷന്‍ എന്ന മ്യൂസിക് തിയറ്റര്‍ വിസ്മയകരമായ ഒരു കാഴ്ച്ചനുഭവമായിരിക്കും.