പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്‌ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തുടക്കമായി. ആദ്യ ദിനം 1.50 കോടി ഭക്തർ പുണ്യസ്നാനം ചെയ്തെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പൗഷ് പൂർണിമ ദിനത്തിൽ സംഗമ സ്നാനത്തിന് ഭാഗ്യം ലഭിച്ച എല്ലാ സന്യാസിമാർക്കും ഭക്തർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. മഹാ കുംഭമേളയുടെ ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ വലിയ ഭക്തജന തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. കാലാതീതമായ സാംസ്കാരിക പൈതൃകത്തിൻറെ അടയാളമായ കുംഭമേള രാജ്യത്തിന്റെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുംഭമേളയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വലിയ സന്തോഷമാണ് നൽകുന്നത്. പവിത്രമായ സംഗമം എണ്ണമറ്റ ജനങ്ങളെ ഒരുമിപ്പിക്കുകയും, കലാതീതമായ ഇന്ത്യയുടെ ആത്മീയ പൈതൃകവും ഐക്യവും ആഘോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാ കുംഭമേളയുടെ വീഡിയോ അടക്കം പങ്കുവച്ചുകൊണ്ടാണ് യോഗി ആദിത്യനാഥ് സന്തോഷം പ്രകടിപ്പിച്ചത്.
ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. കുംഭമേളയുടെ നടത്തിപ്പിനായി 7,000 കോടി രൂപയാണ് യുപി സർക്കാർ ചിലവഴിക്കുന്നത്. കഴിഞ്ഞ കുംഭമേളയിൽ 24 കോടിയാളുകൾ പങ്കെടുത്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തവണ മഹാ കുംഭമേളയായതിനാൽ തിരക്ക് വർധിക്കാനാണ് സാധ്യത. 45 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേളയിൽ ഏകദേശം 45 കോടി ഭക്തർ പങ്കെടുക്കുമെന്നാണ് യുപി സർക്കാരിന്റെ വിലയിരുത്തൽ. തിരക്ക് നിയന്ത്രിക്കാനും കുംഭമേള വിജയകരമായി പൂർത്തിയാക്കാനുമായി പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്
Content Highlight: maha-kumbh-mela-2025-yogi-adityanath-says-1-50-crore-devotees-took-holy-dip-on-the-first-day