യാർലുങ് സാങ്‌പോ നദിയിൽ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കുന്നതും പുതിയതായി രണ്ട് കൗണ്ടികൾ രൂപീകരിക്കുന്നതുമായ ചൈനയുടെ തീരുമാനം ആശങ്കയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. 2024 ഡിസംബർ 25ന് ആണ് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് യാർലുങ് സാങ്‌പോ നദിക്ക് കുറുകെ നിർമ്മിക്കാൻ ചൈനീസ് സർക്കാർ അംഗീകാരം നൽകിയത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശത്തെ സർക്കാർ രണ്ട് പുതിയ കൗണ്ടികൾ സ്ഥാപിക്കുന്നതാണ് ചൈനയുടെ മറ്റൊരു നീക്കം. ചൈനയുടെ രണ്ട് പുതിയ നീക്കങ്ങളും ഇന്ത്യയ്ക്ക് ഭീഷണിയാകുമോ? ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വരുത്തുമോ?
137 ബില്യൺ ഡോളർ ചെലവിട്ട് നിർമ്മിക്കുന്ന ഈ ഹൈഡ്രോ പവർ പ്രോജക്റ്റിൽ ഒരു വർഷം കൊണ്ട് 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. നിലവിൽ ചൈനയിലുള്ള മൂന്ന് ഡാമുകൾ നിർമ്മിക്കുന്ന വൈദ്യുതിയുടെ മൂന്നിരട്ടി വരും ഇത്. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയവുമായി ഇത് മാറും. 2020 നവംബറിൽ ചൈന അവരുടെ 14ാം പഞ്ചവത്സര പദ്ധതിയിൽ (2021-25) ഈ നിർദ്ദേശം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ നീണ്ടകാലത്തെ അനിശ്ചിതത്വത്തിലേക്ക് ഈ പദ്ധതി നീങ്ങുകയായിരുന്നു. കൂടാതെ ഈ പദ്ധതിക്കെതിരെ ചില ആശങ്കകൾ പങ്കുവച്ച് ചില അവകാശ ഗ്രൂപ്പുകളും രംഗത്തെത്തി. രാജ്യത്തെ തദ്ദേശിയരെ കുടിയിറക്കാൻ ഈ പദ്ധതി കാരണമാകുമെന്നും ഇന്ത്യയിലും ബംഗ്ലാദേശിലും പാരിസ്ഥിക ആഘാതങ്ങൾ ഉണ്ടാകുമെന്നും അവർ വാദിക്കുന്നു.
ഡാം പ്രോജക്ടിനൊപ്പം തന്നെ ചൈന പുതിയതായി കൗണ്ടികൾ രൂപീകരിക്കുന്നെന്ന റിപ്പോർട്ടും ഇപ്പോൾ ഏറെ ചർച്ചയാകുന്നുണ്ട്. രണ്ട് ദിവസത്തിന് മുമ്പാണ്, വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശത്തെ സർക്കാർ രണ്ട് പുതിയ കൗണ്ടികൾ സ്ഥാപിക്കുമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ സിൻഹുവ റിപ്പോർട്ട് ചെയ്തത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ സെൻട്രൽ കമ്മിറ്റിയും സ്റ്റേറ്റ് കൗൺസിലും രണ്ട് പുതിയ കൗണ്ടികൾക്ക് അംഗീകാരം നൽകുകയും ചെയ്തു.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഹോട്ടാൻ പ്രിഫെക്ചർ ആണ് ഇവിടെ ഭരിക്കുന്നത്. ഇന്ത്യ അവകാശപ്പെടുന്നതും എന്നാൽ 1950കൾ മുതൽ ചൈനയുടെ അധിനിവേശത്തിൻ കീഴിലായിരിക്കുന്നതുമായ അക്സായി ചിൻ മേഖലയുടെ വലിയൊരു ഭാഗവും ഹോട്ടാൻ പ്രിഫെക്ചർ ആണ് നിയന്ത്രിക്കുന്നത്. ഇപ്പോൾ രണ്ട് പുതിയ കൗണ്ടികൾ രൂപീകരിക്കുന്നതിൽ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
പുതിയ കൗണ്ടിയുടെ ഭാഗങ്ങൾ ലഡാക്കിന്റെ കേന്ദ്രഭരണ പ്രദേശത്തിനുള്ളിൽ വരുന്നതാണെന്ന് പറഞ്ഞു. നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും പട്രോളിംഗ് ക്രമീകരണം പ്രഖ്യാപിച്ച് രണ്ട് മാസത്തിന് ശേഷമാണ് ചൈനയുടെ ഈ നീക്കം.1975ന് ശേഷം 2020 ജൂണിലായിരുന്നു ഇന്ത്യയും ചൈനയും തമ്മിൽ ഒരു ഏറ്റുമുട്ടലുണ്ടായത്. അന്ന് ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. അന്ന് നിരന്തരം ചർച്ചകൾ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. തുടർന്ന് 2024 ഒക്ടോബറിൽ സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു. ചൈനയിൽ പുതിയ കൗണ്ടികൾ സൃഷ്ടിക്കുന്നത് അധിനിവേശത്തിന് നിയമസാധുത നൽകില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അതേസമയം, ടിബറ്റിലെ ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതിയിലോ താഴ്ന്ന ജലവിതരണത്തിലോ വലിയ സ്വാധീനം ചെലുത്തില്ലെന്ന് ചൈനീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് ഒട്ടേറെ ആശങ്കയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ത്യയിലേക്കുള്ള ജലപ്രവാഹത്തിൽ ചൈനയുടെ മേലുള്ള നിയന്ത്രണമാണ്. കൂടാതെ അണക്കെട്ട് കാരണമുണ്ടാകുന്ന പ്രളയ സാദ്ധ്യത, പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കുള്ള ഭീഷണി എന്നിവയും ഉൾപ്പെടുന്നു. അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നത് പുരോഗമിക്കുമ്പോഴും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ഇന്ത്യ നടപടികൾ സ്വീകരിക്കുമ്പോഴും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നത് തെളിയിക്കുന്നതാണ് പുതിയ കൗണ്ടികളുടെ രൂപീകരണം. കഴിഞ്ഞ വർഷം, അരുണാചൽ പ്രദേശിലെ എൽഎസിയിലെ സ്ഥലങ്ങൾക്ക് ചൈന 30 പുതിയ പേരുകൾ നൽകിയിരുന്നു എന്നാൽ അവ അർത്ഥശൂന്യമാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളുകയായിരുന്നു.
STORY HIGHLIGHTS: know-about-chinas-mega-dam-project–and-the-creation-of-new-counties