തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതിൽ ജില്ലാ ഭരണകൂടം ഇന്ന് തീരുമാനമെടുക്കും. കനത്ത സുരക്ഷാ വലയത്തിൽ കല്ലറ പൊളിക്കാനാണ് ആലോചന. നാളെയോ മറ്റെന്നാളോ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഇന്നലെ ഗോപൻ സ്വാമിയുടെ കുടുംബത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു.
സാമുദായിക സംഘർഷം ഉണ്ടാക്കാനല്ല, മരണത്തിലെ അസ്വാഭാവികത തീർക്കാനാണ് കല്ലറ പൊളിക്കുന്നതെന്ന് ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കുടുംബം കോടതിയിൽ പോവുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെ കണ്ടെത്തിയ തെളിവുകളുടെ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കും.
ഗോപൻ സ്വാമി ഇക്കഴിഞ്ഞ വ്യഴാഴ്ച മരിച്ച ശേഷം ഒരു പ്രസിൽ നിന്നും സമാധിയായതായുള്ള പോസ്റ്റർ പ്രിൻ്റ് ചെയ്തുവെന്നാണ് മകൻ്റെ മൊഴി. ഈ പോസ്റ്റർ പതിച്ചപ്പോഴാണ് മരണ വിവരം പുറം ലോകം അറിഞ്ഞത്. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്.
ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് ആദ്യം മകൻ രാജസേനൻ പറഞ്ഞത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.