വയനാട്: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്‍റെ ആടിനെ കടുവ കൊന്നു. നേരത്തെ ആടിനെ കൊന്ന അമരക്കുനിക്കടുത്ത് ആടികൊല്ലിയിലാണ് പുതിയ സംഭവം. പുലർച്ചെ രണ്ടു മണിയോടെ കടുവ ആക്രമിച്ചു കൊന്നു. വീട്ടുകാർ ബഹളം വച്ചതോടെ കടുവ ആടിനെ ഉപേക്ഷിച്ച് ഓടിപ്പോയി. വനം വകുപ്പ് സ്ഥലത്ത് പരിശോധന ആരംഭിച്ചു.
കഴിഞ്ഞ ദിവസം കേശവന്‍ എന്നയാളുടെ ആടിനെ കടുവ കൊന്നിരുന്നു. കുംകി ആനകളെ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. കടുവയെ ജനങ്ങൾ കണ്ടിട്ടുണ്ട്. പ്രദേശത്ത് സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ കാപ്പി സെറ്റ്, തൂപ്ര, അമരക്കുനി പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകിയിരുന്നു.