ലൊസാഞ്ചലസ്: യുഎസിലെ ലൊസാഞ്ചലസിൽ ഒരാഴ്ചയായി ആളിപ്പടരുന്ന കാട്ടുതീ 24 പേരുടെ ജീവനെടുത്തു. പാലിസെയ്ഡിൽ 8 പേരും ഈറ്റണിൽ 16 പേരുമാണു മരിച്ചത്. മരണസംഖ്യ കൂടുമെന്നാണ് സൂചന. ഒന്നര ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. കൂടുതൽ പേരെ ഒഴിപ്പിക്കാൻ തയാറെടുക്കുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അതിവേഗത്തിൽ കാറ്റുവീശുമെന്നു മുന്നറിയിപ്പുള്ളതിനാൽ തീയണയ്ക്കാനുള്ള കഠിനശ്രമം തുടരുകയാണ്.
5 സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായതിൽ പാലിസെയ്ഡിലും ഈറ്റണിലും സ്ഥിതി ഇപ്പോഴും ഗുരുതരമാണ്. പാലിസെയ്ഡ്സിൽ 13 ശതമാനവും ഈറ്റണിൽ 27 ശതമാനവും സ്ഥലത്തെ തീ മാത്രമാണു നിയന്ത്രണവിധേയമായത്. 160 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് അഗ്നി വിഴുങ്ങിയത്. 1400 ഫയർ എൻജിനുകളുടെയും 84 വിമാനങ്ങളുടെയും സഹായത്തോടെ 14,000 പേരാണു തീയണയ്ക്കാൻ അഹോരാത്രം അധ്വാനിക്കുന്നത്. കാനഡയും മെക്സിക്കോയും അഗ്നിരക്ഷാ സൈനികരെ അയച്ചു. 8 മാസമായി മഴയില്ലാത്ത പ്രദേശമായതിനാലാണ് തീ ആളിപ്പടർന്നത്.