സ്റ്റൈൽ മന്നൻ രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ബാഷ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. രജനികാന്തിന് സ്റ്റൈൽ മന്നൻ എന്ന പേര് നേടിക്കൊടുക്കുന്നതിൽ തന്നെ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് ബാഷ. ചിത്രം പുറത്തിറങ്ങി 30 വര്‍ഷം തികയുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ വീണ്ടും റീ റിലീസിന് ഒരുങ്ങുകയാണ്. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. 4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്‍മോസിൽ റീമാസ്റ്റർ ചെയതാകും ചിത്രം തിയേറ്ററുകളിലെത്തുക. രജനീകാന്തിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നാണ് ബാഷ. ഇന്നും ആരാധകര്‍ക്ക് ആവേശമാണ് ബാഷയും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും. അതിനാൽ തിയേറ്ററുകൾ നിറയും എന്ന കാര്യത്തിൽ സംശയമില്ല.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണയാണ്. 1995 ജനുവരി 12ന് പുറത്തിറങ്ങിയ സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഏകദേശം 15 മാസത്തോളം ചിത്രം തിയേറ്ററുകളിൽ ഓടി. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ നഗ്മയാണ് നായികാ കഥാപത്രത്തെ അവതരിപ്പിച്ചത്. രഘുവരനാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജനഗരാജു, ദേവൻ, ശശികുമാര്‍, വിജയകുമാര്‍, ആനന്ദ്‍രാജ്, ചരണ്‍ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്‍ഫോണ്‍സ, ഹേമലത, ദളപതി ദിനേശ് തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ഹിറ്റാണ്.
രജനികാന്തിന്റേതായി ഒടുവില്‍ വന്ന ചിത്രം വേട്ടയ്യൻ ആണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിക്ക് മുകളിൽ നേടിയ സിനിമയിൽ അമിതാഭ് ബച്ചൻ, റാണ ദഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര ഭാഗമായിരുന്നു. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിച്ചത്.