ഉണ്ണിയപ്പം ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്, വളരെ സ്വാദിഷ്ടമായ ഉണ്ണിയപ്പം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- പച്ചരി – 2 കപ്പ് (450 ഗ്രാം)
- ശര്‍ക്കര – 350 ഗ്രാം
- ചെറുപഴം – 2 എണ്ണം
- തരി/റവ – 1 ടീസ്പൂണ്‍
- ഗോതമ്പ് പൊടി – 2 ടീസ്പൂണ്‍
- തേങ്ങ കൊത്ത് – ഇഷ്ടാനുസരണം
- നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
- ഏലയ്ക്ക – 3-4 എണ്ണം
- കറുത്ത എള്ള് – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി 4 – 5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.ഒരു കപ്പ് വെള്ളത്തില്‍ ശര്‍ക്കര നന്നായി ഉരുക്കി എടുക്കുക. ഇത് ചൂടാറാന്‍ വയ്ക്കുക. പച്ചരി നന്നായി കഴുകി വെള്ളം ഇല്ലാതെ മിക്‌സിയില്‍ ഇട്ട് ശര്‍ക്കര പാനിയും, ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചെറിയ തരുതരിപ്പായി ദോശമാവിന്റെ കട്ടിയില്‍ അരച്ചെടുക്കുക. ബാക്കി വന്ന ശര്‍ക്കര പാനി ചേര്‍ത്ത് പഴം മിക്‌സിയില്‍ നന്നായി അരച്ച് എടുക്കാം.
അരച്ച് വച്ചിരിക്കുന്ന മാവില്‍ പഴം അരച്ചത്, റവ,ഗോതമ്പ് പൊടി, ഏലയ്ക്ക പൊടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ചുരുങ്ങിയത് 7 മണിക്കൂര്‍ അടച്ച് വയ്ക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് ചെറുതായി അരിഞ്ഞ തേങ്ങ കൊത്ത് ബ്രൗണ്‍ നിറത്തില്‍ ഫ്രൈ ചെയ്ത് മാവിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് കറുത്ത എള്ള് ചേര്‍ത്ത് ഇളക്കിയ ശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാന്‍ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാം.