Food

ചോറിനൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ ചെമ്മീൻ അച്ചാർ ആയാലോ?

ചോറിനൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ ഒരു ചെമ്മീൻ അച്ചാർ തയ്യാറാക്കിയാലോ? ഈ അച്ചാറുമാത്രം മതി ഒരു പ്ലേറ്റ് നിറയെ ചോറുണ്ണാൻ.

ആവശ്യമായ ചേരുവകൾ

  • 1. ചെമ്മീൻ – ഒരു കിലോ, വൃത്തിയാക്കി കഴുകി ഊറ്റിയത്
  • 2. ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്
  • 3. എണ്ണ – പാകത്തിന്
  • 4. വെളുത്തുള്ളി തൊലി കളഞ്ഞത് – രണ്ടു വലിയ സ്പൂൺ
  • ഇഞ്ചി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ
  • ജീരകം – അര ചെറിയ സ്പൂൺ
  • കടുകുപരിപ്പ് – ഒരു ചെറിയ സ്പൂൺ
  • 5. എള്ളെണ്ണ – പാകത്തിന്
  • 6. ഉലുവ – ഒരു ചെറിയ സ്പൂൺ
  • കടുക് – ഒരു ചെറിയ സ്പൂൺ
  • 7. മുളകുപൊടി – രണ്ടു വലിയ സ്പൂൺ, വിനാഗിരിയിൽ കുതിർത്തത്
  • 8. വിനാഗിരി – അരക്കപ്പ്
  • തിളപ്പിച്ചാറിയ വെള്ളം – ഒരു കപ്പ്
  • 9. ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീൻ കഴുകി ഊറ്റിയതിൽ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി വെയിലത്തു വച്ച് ഉണക്കി ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കണം. നാലാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക. എള്ളെണ്ണ ചൂടാക്കി ഉലുവയും കടുകും മൂപ്പിക്കണം. ഇതിലേക്ക് അരപ്പു ചേർത്തു നന്നായി വഴറ്റി മൂത്ത മണം വരുമ്പോൾ വിനാഗിരിയിൽ കുതിർത്ത മുളകുപൊടി ചേർത്തു നന്നായി വഴറ്റുക. ഇതിൽ വിനാഗിരിയും തിളപ്പിച്ചാറിയ വെള്ളവും ചേർത്തിളക്കി പാകത്തിനുപ്പും ചേർത്തു ചെറുതീയിൽ വയ്ക്കുക. തിളയ്ക്കുമ്പോൾ ചെമ്മീൻ ചേർത്തിളക്കി തിള വരുമ്പോൾ‌ വാങ്ങുക. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.