India

‘ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ’; ആർഎസ്എസ് മേധാവി മോഹൻ ഭഗവത്| rss chief mohan bhagwat

2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അയോദ്ധ്യയിലെ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്

ഇൻഡോർ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലാണ് ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഇന്ത്യക്ക് നേരത്തെ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അത് സ്ഥാപിക്കപ്പെട്ടിരുന്നില്ലെന്നും ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച ഇസ്രായേലും ജപ്പാനും ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും മോഹൻ ഭഗവത് ആവശ്യപ്പെട്ടു. ഇൻഡോറിൽ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അയോദ്ധ്യയിലെ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച്, 2025 ജനുവരി 11 ന് പ്രതിഷ്ഠാ ചടങ്ങ് നടന്ന് ഒരു വർഷം പൂർത്തിയായി. ഈ ദിനത്തിലാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് മോഹൻ ഭഗവത് പറയുന്നത്.

ആരെയും എതിർക്കാനല്ല രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചതെന്നും ഭഗവത് പറഞ്ഞു. രാജ്യത്തിന് സ്വന്തം കാലിൽ നിൽക്കാനും ലോകത്തിന് വഴികാട്ടാനും ഭാരതത്തെ സ്വയം ഉണർത്താനുമാണ്. കഴിഞ്ഞ വർഷം അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ വേളയിൽ രാജ്യത്ത് ഭിന്നതയൊന്നും ഉണ്ടായിട്ടില്ലെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി.

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ദിന വാർഷികാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ആഘോഷ പരിപാടികൾ യുപി സർക്കാർ നടത്തിയിരുന്നു. ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാംലല്ല പ്രതിഷ്ഠയിൽ അഭിഷേകം നടത്തി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്നലെയായിരുന്നു പരിപാടി അവസാനിച്ചത്.

CONTENT HIGHLIGHT: rss chief mohan bhagwat about ram temple