താര സംഘടനയായ ‘അമ്മ’യുടെ ട്രഷറർ പദവിയിൽ നിന്ന് ഒഴിയുന്നതായി നടൻ ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. നടൻ സിദ്ദിഖ് ആയിരുന്നു മുൻ ട്രഷറി സ്ഥാനം വഹിച്ചിരുന്നത്. സിദ്ദിഖ് ഒഴിഞ്ഞതോടെയാണ് ഈ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ എത്തിയത്.
ഉണ്ണി മുകുന്ദന്റെ പോസ്റ്റ്
‘നീണ്ട ആലോചനയ്ക്ക് ശേഷമാണ് ഈ കഠിനമായ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചാണ് ജോലി ചെയ്തത്. എന്നാൽ അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിനാലാണ് രാജി എന്ന തീരുമാനത്തിലേക്ക് എത്തിയത്. അമ്മ സംഘടനയുടെ ട്രഷറി പദവിയിൽ നിന്ന് രാജിവെക്കുന്നു. പുതിയ അംഗത്തെ നിയമിക്കുന്നത് വരെ ചുമതലയിൽ തുടരും. നന്ദി.’ എന്നിങ്ങനെയാണ് ഉണ്ണിയുടെ പോസ്റ്റ്.
കഴിഞ്ഞ ഭരണ സമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. മൂന്നാം തവണയും ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം അമ്മ സംഘടന യോഗം ചേർന്നിരുന്നു. ജനുവരി ആദ്യ വാരം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംഗമം നടന്നത്.