World

കുഞ്ഞിനെ നോക്കാനെത്തിയ ആയ ഉൾപ്പെടെ എട്ട് സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം; വീണ്ടും ആരോപണങ്ങളിൽ കുടുങ്ങി ബ്രിട്ടീഷ് എഴുത്തുകാരന്‍ | neil gaiman author

ഗെയ്മനെതിരെ ആരോപണം ഉന്നയിച്ചവരില്‍ കൂടൂതല്‍ പേര്‍ക്കും അവരുടെ യൗവനകാലഘട്ടത്തിലാണ് അതിക്രമം നേരിടേണ്ടിവന്നത്

ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് എഴുത്തുകാരന്‍ നെയില്‍ ഗെയ്മനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍. എഴുത്തുകാരന്‍ തങ്ങളെ ആക്രമിച്ചെന്നും ബലാത്സംഗം ചെയ്‌തെന്നും ആരോപിച്ച് ആണ് എട്ട് സ്ത്രീകൾ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇതില്‍ നെയില്‍ ഗെയ്മന്റെ കുട്ടിയുടെ ആയയും ഉണ്ട്.

ന്യൂയോര്‍ക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ച ‘ദേര്‍ ഈസ് നോ സേഫ് വേഡ്’ എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിലൂടെയാണ് പുതിയ ആരോപണങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. നെയില്‍ ഗെയ്മന്റേയും രണ്ടാംഭാര്യയായ അമാന്‍ഡ പാമറിന്റേയും കുഞ്ഞിനെ നോക്കാനെത്തിയതായിരുന്നു ആയ. 2022 ഫെബ്രുവരിയിലാണ് ന്യൂസിലാന്‍ഡിലെ വീട്ടുമുറ്റത്തെ ബാത്ത്ടബ്ബില്‍വെച്ച് ഇവര്‍ക്കുനേരെ നെയില്‍ ഗെയ്മന്‍ ലൈംഗികാതിക്രമം നടത്തിയത്. ഗെയ്മന്റെ കുട്ടിയെ പരിചരിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ ഹോട്ടല്‍റൂമില്‍വെച്ചും സ്ത്രീ അതിക്രമത്തിനിരയായെന്ന് വെളിപ്പെടുത്തലുണ്ട്.

ഗെയ്മനെതിരെ ആരോപണം ഉന്നയിച്ചവരില്‍ കൂടൂതല്‍ പേര്‍ക്കും അവരുടെ യൗവനകാലഘട്ടത്തിലാണ് അതിക്രമം നേരിടേണ്ടിവന്നത്. അന്ന് നാല്‍പതുകളായിരുന്നു നെയില്‍ ഗെയ്മന്റെ പ്രായമെന്ന് ലേഖനത്തില്‍ പറയുന്നു. 2024 ജൂലായില്‍ ഗെയ്മനെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ത്തി അഞ്ച് സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. മാസ്റ്റര്‍ എന്ന പേരില്‍ ആറ് ഭാഗങ്ങളുള്ള പോഡ്കാസ്റ്റ് സീരീസ് ആയി ടോര്‍ട്ടോയീസ് മീഡിയയാണ് അന്ന് വിവരം പുറത്തുകൊണ്ടുവന്നത്.

ഗെയ്മാനെതിരെതിരെ കൂടുതല്‍ ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍, ഇയാൾക്കെതിരേ എഴുത്തുകാരി ജെ.കെ. റോളിങ് തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വെ വെയില്‍സ്‌റ്റെയിനെതിരെയുള്ള ആരോപണങ്ങളുമായി താരതമ്യപ്പെടുത്തിയായിരുന്നു ജെ.കെ. റോളിങ്ങിന്റെ പ്രതികരണം. സംഭവത്തില്‍ സാഹിത്യലോകം മൗനമായിരിക്കുന്നതിനെ അവർ ചോദ്യംചെയ്തു. എക്‌സില്‍ കുറിപ്പ് പങ്കുവെച്ചാണ് ജെ.കെ. റോളിങ് പ്രതികരിച്ചത്.

CONTENT HIGHLIGHT: neil gaiman author