Kerala

മലപ്പുറത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; മാസങ്ങൾക്ക് ശേഷം കാര്‍ കണ്ടെത്തി, ഉടമ കസ്റ്റഡിയിൽ | car that hit the biker was found

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. മഞ്ചേരി സ്വദേശി റാഫിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കടുപുറം സ്വദേശി സുനീര്‍ എന്ന യുവാവിനെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഇടിച്ചിട്ടത്. സുനീര്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലാണ്. 2024 ഒക്ടോബര്‍ 18നായിരുന്നു സംഭവം നടന്നത്. ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇന്ന് രാവിലെ കാർ കസ്റ്റഡിയിലെടുത്തു. റാഫിയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണുള്ളത്. ഒക്ടോബർ 18 രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. തെറ്റായ ദിശയിൽ വന്ന കാർ സുനീറിന്റെ സ്കൂട്ടറിനെ ഇടിച്ചുതെറി പ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് സുനീർ കാറിന്റെ ബോണറ്റിൽ വന്ന് വീണു. ഗുരുതരമായി പരിക്കേറ്റ സുനീറിനെ തിരിഞ്ഞു നോക്കാതെ അപകടമുണ്ടാക്കിയവര്‍ കാർ നിർത്താതെ പോയി. പിന്നാലെ വന്ന ഓട്ടോ ഡ്രൈവർ ആണ് സുനീറിനെ ആശുപത്രിയിൽ എത്തിച്ചത്.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വെളുത്ത മാരുതി സിഫ്റ്റ് ഡിസയര്‍ കാറാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായെങ്കിലും നമ്പര്‍ ലഭിച്ചിരുന്നില്ല. നിർമ്മാണ തൊഴിലാളിയായ സുനീർ കിടപ്പിലായതോടെ കുടുംബം തീർത്തും ദുരിതത്തിലായി. മരുന്നിന് തന്നെ നിത്യേന വലിയൊരു തുക ആവശ്യമായ സ്ഥിതിയിൽ നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവുമടക്കം മുന്നോട്ട് പോകുന്നത്.

CONTENT HIGHLIGHT: car that hit the biker was found