കോഴിക്കോട്: വി എസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണമെന്ന് പറഞ്ഞത് അന്‍വറിന്റെ അഭിപ്രായം ആണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റേതായ തീരുമാനം ഉണ്ട്. അന്‍വര്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
‘അന്‍വറിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. കോണ്‍ഗ്രസ് എന്നത് അന്‍വര്‍ അല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ നയമുണ്ട്. അത് അന്‍വറിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ അല്ല. അദ്ദേഹത്തോട് വെറുപ്പുമില്ല മതിപ്പുമില്ല. വി എസ് ജോയെ സ്ഥാനാര്‍ഥി ആക്കണമെന്ന് പറഞ്ഞത് അന്‍വറിന്റെ അഭിപ്രായം. ഇതൊരു അസ്വാഭാവികമായ സന്ദര്‍ഭമാണ്. എല്ലാവരുമായി ഒന്നിച്ചിരുന്നു തീരുമാനമെടുക്കും.’ കെ സുധാകരന്‍ പറഞ്ഞു.
എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഒളിവില്‍ ആണെന്നും കെ സുധാകരന്‍ സമ്മതിച്ചു. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ താമസിക്കേണ്ടി വരും. അത് സ്വാഭാവികമാണ്. നിലവിലെ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും നടപടി. അവിടെയും ഇവിടെയും പറഞ്ഞത് കേട്ട് പ്രതികരിക്കാന്‍ ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുംടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു. എന്‍എം വിജയന്റെ മരണത്തില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ പോയത്. എന്നാല്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആണെന്നും ഒളിവില്‍ പോയെന്ന വാര്‍ത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ വീഡിയോ പങ്കുവെച്ചിരുന്നു.
CONTENT HIGHLIGHT: k sudhakaran on pv anwar