Recipe

മധുരം കഴിക്കാൻ തോന്നുമ്പോൾ എളുപ്പത്തിൽ തയ്യാറാക്കാം പൈനാപ്പിൾ പായസം

മധുരം കഴിക്കാൻ തോന്നുമ്പോൾ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പൈനാപ്പിൾ പായസത്തിന്റെ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 1. തേങ്ങ ചുരണ്ടിയത് – അഞ്ചു കപ്പ്
  • 2. ശർക്കര – അരക്കിലോ
  • വെള്ളം – ഒന്നരക്കപ്പ്
  • 3. പച്ചരി – ഒരു കപ്പ്
  • കടലപ്പരിപ്പ് – കാൽ കപ്പ്
  • 4. നന്നായി പഴുത്ത പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – അരക്കപ്പ്
  • 5. ചുക്കുപൊടി, ജീരകംപൊടി – പാകത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ ചുരണ്ടിയതു പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും നാലു കപ്പ് രണ്ടാംപാലും എട്ടു കപ്പ് മൂന്നാംപാലും എടുത്തു വയ്ക്കുക. ശർക്കര വെള്ളം ചേർത്തുരുക്കി അരിച്ചു രണ്ടരക്കപ്പ് ശർക്കരപ്പാനി തയാറാക്കി വയ്ക്കുക. മൂന്നാംപാലിൽ അരിയും കടലപ്പരിപ്പും കഴുകി ഊറ്റിയതു ചേർത്തു നന്നായി വേവിക്കുക. അരി വെന്ത ശേ ഷം പൈനാപ്പിള്‍ ചേർത്തിളക്കി വേവിക്കുക. എല്ലാ ചേരുവകളും നന്നായി വെന്തു കുറുകി വരുമ്പോൾ ശർക്കരപ്പാനി ചേർത്തിളക്കുക.

ഇതു നന്നായി കുറുകുമ്പോൾ രണ്ടാംപാൽ ചേർ‌ത്തിളക്കുക. വീണ്ടും ഇളക്കി പാകത്തിനു കുറുകുമ്പോൾ ചുക്കും ജീരകവും കലക്കി വച്ചിരിക്കുന്ന ഒന്നാംപാല്‍ ചേർത്തിളക്കി തിളയ്ക്കുന്നതിനു മുൻപു വാങ്ങുക. പൈനാപ്പിളിനു പകരം പൂവൻപഴവും അരിക്കു പകരം നുറുക്കു ഗോതമ്പും ഉപയോഗിക്കാം.