കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപിച്ച പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് അവിടെയും വി.ഐ.പി. പരിഗണനയെന്ന് സൂചന. മൂന്നു വി.ഐ.പികള്‍ ജയിലില്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം. എന്നാൽ ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്ത് ലഭിച്ചു.
സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം നടത്തിയേക്കും. സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ജയിലധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ജയില്‍ ആസ്ഥാനത്ത് ലഭിച്ച റിപ്പോര്‍ട്ട്. ബോബിക്ക് വി.ഐ.പി. പരിഗണന ലഭിച്ചതിന് പിന്നില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.
ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം വയനാട്ടിലെ ബോബിയുടെ എസ്‌റ്റേറ്റില്‍നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബോബിയെ റിമാന്‍ഡില്‍ വിടുകയായിരുന്നു.
CONTENT HIGHLIGHT: bobby chemmannur vip treatment jail