ഗ്വാങ്ഡോങ്: സ്മാര്‍ട്ട്ഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഫ്ലാഗ്ഷിപ്പ് ഫോള്ഡബിളാവാന് ഒപ്പോ ഫൈന്‍ഡ് എന്‍5. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വൈബോയില്‍ പുറത്തുവന്ന ചിത്രമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഫെബ്രുവരി മാസത്തിലായിരിക്കും ഒപ്പോ ഫൈന്‍ഡ് എന്‍5 ചൈനയില്‍ അവതരിപ്പിക്കുക. 2023ല്‍ പുറത്തിറങ്ങിയ ഒപ്പോ ഫൈന്‍ഡ് എന്‍3യുടെ പിന്‍ഗാമിയാണ് ഫൈന്‍ഡ് എന്‍5.
ഏറ്റവും കട്ടി കുറഞ്ഞ ഫ്ലാഗ്ഷിപ്പ് ഫോള്‍ഡബിള്‍ എന്ന വിശേഷണത്തോടെ വിപണിയിലെത്താന്‍ തയ്യാറെടുക്കുകയാണ് ഒപ്പോ ഫൈന്‍ഡ് എന്‍5. തുറന്നിരിക്കുമ്പോള്‍ 4.35 മില്ലീമീറ്ററുമായി നിലവില്‍ ഹോണര്‍ മാജിക് വി3യ്ക്കാണ് ഏറ്റവും സ്ലിമ്മായ ഫോള്‍ഡബിള്‍ എന്ന വിശേഷണം സ്വന്തമായുള്ളത്. വരാനിരിക്കുന്ന ഒപ്പോ ഫൈന്‍ഡ് എന്‍5ന് 3.5 മുതല്‍ 4 എംഎം മാത്രമായിരിക്കും അണ്‍ഫോള്‍ഡഡ് അവസ്ഥയില്‍ കട്ടി എന്നാണ് സൂചനകള്‍. ക്വാല്‍ക്വാം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റിലാണ് ഫോണ്‍ വരികയെന്നും 50 എംപിയുടെ മൂന്ന് റീയര്‍ ക്യാമറയും ഫോണിലുണ്ടാകും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 80 വാട്സ് വയേര്‍ഡ്, 50 വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തോടെ 5,900 എംഎഎച്ച് ബാറ്ററി, 1.5കെ എല്‍ടിപിഒ സംവിധാനത്തിലുള്ള 6.85 ഇഞ്ച് ഡിസ്പ്ലെ എന്നിവയും ഒപ്പോ ഫൈന്‍ഡ് എന്‍5ലുണ്ടാകുമെന്ന് റൂമറുകളില്‍ പറയുന്നു.
ഫോണ്‍ മടക്കിക്കഴിഞ്ഞാല്‍ 10 എംഎമ്മില്‍ താഴെയായിരിക്കും ഒപ്പോ ഫൈന്‍ഡ് എന്‍5ന്റെ കട്ടി. ചൈനയില്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെങ്കിലും ഒപ്പോ ഫൈന്‍ഡ് എന്‍5ന്റെ ആഗോള വേരിയന്റിനായി മാര്‍ച്ച്-ജൂണ്‍ വരെ കാത്തിരിക്കേണ്ടിവന്നേക്കും. ആഗോള വേരിയന്റിന്റെ പേരില്‍ മാറ്റമുണ്ടാകും.
content highlight: oppo-find-n5-teased-as-the-thinnest-foldable-flagship-smartphone