ലോസ് അഞ്ജലിസ്: ലോസ് ആഞ്ജലിസിനെ വിഴുങ്ങുന്ന കാട്ടുതീയുടെ വാർത്ത കാട്ടുതീ പോലെ തന്നെയാണ് പടർന്ന് പിടിച്ചത്. നിരവധി പ്രതിരോധ മാർഗങ്ങളാണ് സര്‍ക്കാര്‍ നിരത്തുന്നത്. അതിന്റെ ഭാഗമായാണ് ലോസ് ആഞ്ജലിസിന്റെ തെരുവുകള്‍ പിങ്ക് നിറമായത്.
ഒരു പരിധിവരെ കാട്ടുതീ പടരുന്നത് പ്രതിരോധിക്കന്‍ കഴിയുന്ന ഫോസ്-ചെക്ക് എന്ന പ്രത്യേകതരം രാസപദാര്‍ഥമാണ് പിങ്ക് നിറത്തില്‍ ലോസ് ആഞജലിസില്‍ നിറയുന്നത്. 1960 മുതല്‍ അമേരിക്കന്‍ കമ്പനിയായ പെരിമേറ്റര്‍ സൊലൂഷന്‍ ഉത്പാദിപ്പിക്കുന്ന ഫോസ് ചെക്ക് പ്രധാന അഗ്നി പ്രതിരോധ വസ്തുവെന്ന രീതിയില്‍ ലോകത്താകമാനം ഏറെ പ്രശസ്തമാണ്.
ലോസ് ആഞ്ജലിസില്‍ തീ ആളിപ്പടര്‍ന്ന ഈ ദിവസങ്ങളിൽ ആയിരക്കണക്കിന് ഗാലന്‍ ഫെസ്‌ചെക്ക് സൊലൂഷനാണ് ഇവിടെ ഉപയോഗിച്ചത്. ഇതിന്റെ പിങ്ക് നിറം തീ പടര്‍ന്ന് പിടിക്കുന്നത് ഒരു പരിധിവരെ തടയുമെന്ന് മാത്രമല്ല ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് അപകടസ്ഥലം പെട്ടെന്ന് തിരിച്ചറിയാനുള്ള സാഹചര്യമുണ്ടാക്കുന്നുവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ ഇതിന്റെ പിങ്ക് നിറം മാഞ്ഞുപോവുകയുള്ളൂവെന്നതാണ് ഗുണം.
നേരിട്ട് തീയിലേക്ക് സ്‌പ്രേചെയ്യുന്നതിന് പകരം തീപിടിത്ത സാധ്യത മുന്നില്‍ കണ്ട് ഫോസ്‌ചെക്ക് മുന്‍കൂട്ടി സ്പ്രേചെയ്യുകയാണ് ചെയ്യുന്നത്. അമോണിയം പോളിഫോസ്‌ഫേറ്റ് വസ്തുവാണ് പിങ്ക് സ്‌പ്രേയില്‍ അടങ്ങിയിരിക്കുന്നത്. വെള്ളത്തേപ്പോലെ പെട്ടെന്ന് വറ്റിപ്പോകില്ലെന്നതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാനും കഴിയും.
ഫോസ് ചെക്കിന്‍റെ വ്യാപകമായ ഉപയോഗം പാരിസ്ഥിക ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇതിലടങ്ങിയ രാസവസ്തു ജലസ്രോതസ്സുകളെയടക്കം മലിനമാക്കാമെന്നും ഇത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ലോസ് ആഞ്ജലീസില്‍ ലഭിക്കുന്നതില്‍വെച്ച് ഏറ്റവും ഫലപ്രദമായ വസ്തുവാണ് ഫോസ് ചെക്ക് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
24 ജീവന്‍ കവര്‍ന്ന് ശതകോടികളുടെ നാശം വരുത്തിയ അഗ്നിതാണ്ഡവം ഒരാഴ്ച പിന്നിടുമ്പോഴും പൂര്‍ണനിയന്ത്രണത്തിലായിട്ടില്ല. കാറ്റ് ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അതീവജാഗ്രതയിലാണ് നഗരം.
പാലിസെയ്ഡിലും പരിസരങ്ങളിലും തീക്കാറ്റ് വിതച്ച സാന്റ അന കാറ്റ് ഇന്നും നാളെയും ശക്തിയാര്‍ജിച്ച് 112 കിലോമീറ്റര്‍ വരെ വേഗമെത്താമെന്നാണ് കാലാവസ്ഥാ പ്രവചനം. പാലിസെയ്ഡിലും ഇറ്റണിലും ഹഴ്സ്റ്റിലും തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. ഏറ്റവും നാശമുണ്ടാക്കിയ പാലിസെയ്ഡില്‍ 13 ശതമാനം മാത്രമാണ് നിയന്ത്രണവിധേയമായത്. നോര്‍ത്ത് അമേരിക്കന്‍ സ്റ്റേറ്റുകളിലെ അഗ്നിരക്ഷാസേനാംഗങ്ങള്‍ക്കൊപ്പം മെക്സികോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ രംഗത്തുണ്ട്. ഒരാഴ്ച കൊണ്ട് നാല്‍പതിനായിരത്തിലേറെ ഏക്കറാണ് കാട്ടുതീയില്‍ ചാമ്പലായത്. ഒരുലക്ഷത്തോളം പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പുമുണ്ട്. ഇതുവരെ 275 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ഓസ്കര്‍ നോമിനേഷന്‍ പ്രഖ്യാപനം ഒരാഴ്ചകൂടി നീട്ടിവച്ചു. ഈമാസം ഇരുപത്തിമൂന്നിലേക്കാണ് മാറ്റിയത്. വെള്ളിയാഴ്ച നടക്കാനിരുന്ന ചടങ്ങ് നേരത്തെ പത്തൊന്‍പതിലേക്ക് മാറ്റിയിരുന്നു.